ഹജ്ജ് വേളയില്‍ വിവര സാങ്കേതിക വിദ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനം വിജയകരം
തീര്‍ഥാടകര്‍ 82.6കോടിയിലധികം ഫോണ്‍ കോളുകളാണ് ഹജ്ജ് വേളയില്‍ വിളിച്ചത്
ഹജ്ജ് വേളയില്‍ വിവര സാങ്കേതിക വിദ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനം വിജയകരമായിരുന്നുവെന്ന് ഡോ. അബ്ദുല്‍ അസീസ് ബിന്‍ സാലിം അല്‍റുവൈസ് . തീര്‍ഥാടകര്‍ 82.6കോടിയിലധികം ഫോണ്‍ കോളുകളാണ് ഹജ്ജ് വേളയില്‍ വിളിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മൂന്നിരട്ടിയിലധികം ഉപയോഗമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയതെന്നും ഡോ. അബ്ദുല്‍ അസീസ് പറഞ്ഞു .
ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്ക് മൊബൈല്‍ ഫോണ്‍, വൈഫൈ സേവനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതായി കമ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേധാവി ഡോ. അബ്ദുല്‍ അസീസ് ബിന്‍ സാലിം അല്‍റുവൈസ് പറഞ്ഞു. പുണ്യനഗരികളില്‍ തീര്‍ഥാടകര്‍ 82.6 കോടിയിലധികം ടെലഫോണ്‍ കോളുകള്‍ തടസ്സമില്ലാതെ ചെയ്തു. മക്ക, മദീന എന്നീ വിശുദ്ധ നഗരങ്ങളുടെ പരിധിയില്‍നിന്ന് വിളിച്ച കോളുകളുടെ കണക്കാണിത്. ഈ വര്‍ഷം തീര്‍ഥാടകരുടെ മൊബൈല്‍ഫോണ്‍ കോളുകളിലും സോഷ്യല്‍ മീഡിയ ഉപയോഗത്തിലും വലിയ തോതിലുള്ള വര്‍ധനവ് രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
മക്കയില്‍ ദിവസേന വിവിധ കമ്പനികളുടെതായി ഏകദേശം അഞ്ച് ദശലക്ഷം മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ തീര്‍ഥാടകര്‍ വരിചേര്‍ന്നതായും ഒമ്പതു ലക്ഷം വിദേശ മൊബൈല്‍ സിമ്മുകള്‍ സൗദിയിലെ മൊബൈല്‍ സേവന ദാതാക്കളുമായി സഹകരിച്ച് അവരുടെ സേവനം ഉപയോഗപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മദീനയില്‍ ഏഴ് ലക്ഷമാണ് സര്‍വീസുകള്‍ ഉപയോഗിച്ചത്. 1,60,000 വിദേശ സിം കാര്‍ഡുകള്‍ പ്രാദേശിക സേവന ദാതാക്കളുടെ സേവനം ഉപയോഗിച്ചു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മൂന്നിരട്ടിയിലധികം ഉപയോഗമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
പുണ്യനഗരികളില്‍ നെറ്റ്വര്‍ക്ക് സേവനം മികച്ചതായിരുന്നുവെന്നും മക്കയിലും മദീനയിലും 99 ശതമാനം കോളുകളും വിജയകരമായി നിര്‍വഹിക്കാന്‍ കഴിഞ്ഞുവെന്നും ഡോ. അബ്ദുല്‍ അസീസ് ബിന്‍ സാലിം അല്‍റുവൈസ് പറഞ്ഞു. രാജ്യത്തെ സാങ്കേതിക സൗകര്യങ്ങള്‍ മികച്ചതും കുറ്റമറ്റതുമാണ്. സൗദി കമ്യൂണിക്കേഷന്‍ ആന്റ് ഐ.ടി മന്ത്രാലയത്തിന്റെ ഫലപ്രദമായ ആസൂത്രണം കാരണമായാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.