ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയുമായി അകലുന്നു
സിറിയ, യമന്‍ പ്രശ്‌നങ്ങളില്‍ യു.എസ് അനുവര്‍ത്തിച്ച നിസ്സംഗ സമീപനവും ഗള്‍ഫ് രാജ്യങ്ങളുടെ എതിര്‍പ്പിന് ഇടയാക്കി.
സുപ്രധാന വിഷയങ്ങളിലെ നിലപാടുമാറ്റം അമേരിക്കയുമായി കൂടുതല്‍ അകലാന്‍ ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. ഇന്ത്യയും ചൈനയുമായി കൂടുതല്‍ കൈകോര്‍ക്കാനും ഇത് ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിക്കും.
ഗള്‍ഫ് മേഖലയുടെ സുരക്ഷ മുന്‍നിര്‍ത്തി നേരത്തെ നല്‍കിയ സൈനിക വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടതായി ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തെ തന്നെ കുറ്റപ്പെടുത്തിയിരുന്നു. സിറിയ, യമന്‍ പ്രശ്‌നങ്ങളില്‍ യു.എസ് അനുവര്‍ത്തിച്ച നിസ്സംഗ സമീപനവും ഗള്‍ഫ് രാജ്യങ്ങളുടെ എതിര്‍പ്പിന് ഇടയാക്കി. എന്നാല്‍ ഒബാമയുടെ വീറ്റോ മറികടന്നും സെപ്റ്റംബര്‍ ആക്രമണവുമായി സൗദിയെ നേരിട്ട് ബന്ധിപ്പിക്കുന്ന ബില്ലിന് യു.എസ് കോണ്‍ഗ്രസ് പാസാക്കിയതാണ് കടുത്ത നിലപാടിന് ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.
എല്ലാ ഗള്‍ഫ് അറബ് രാജ്യങ്ങളും സൗദിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മേഖലയുടെ സുരക്ഷക്ക് സ്വന്തം നിലക്കുള്ള നടപടികളുമായി മുുന്നോട്ടു പോകുമെന്ന പ്രഖ്യാപനമാണ് ഹോര്‍മുസ് കടലിടുക്കില്‍ സൗദി ആരംഭിച്ച സൈനികാഭ്യാസ പ്രകടനം. യമനിലും മറ്റും ഇറാന്‍ നടത്തുന്ന ഇടപെടല്‍ അമര്‍ച്ച ചെയ്യാന്‍ സൈനിക സന്നാഹം വിപുലമാക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ട്രംപും കൂട്ടരും നടത്തുന്ന അറബ്മുസ്ലിം വിരുദ്ധ പ്രചാരണവും ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കയോടെയാണ് നോക്കി കാണുന്നത്. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ ആയുധ കരാറുകള്‍ക്ക് രൂപം നല്‍കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമായി കൂടുതല്‍ അടുക്കാനും കാര്യമായ നീക്കമാണ് നടത്തുന്നത്. ഇന്ത്യയുടെ റിപ്പബ്‌ളിക് ദിന ചടങ്ങിലെ പ്രധാന അതിഥിയായി അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മന് ബിന്‍ സായിദ് ആല്‍ നഹ്യാനെ തീരുമാനിച്ചതും ശ്രദ്ധേയമാണ്.