സ്വദേശികള്‍ക്ക് കൂടുതല്‍ അവസരത്തിനായി സൗദി തൊഴില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നു
വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും സ്വദേശികളെ തൊഴിലുകളിലേക്ക് ആകര്‍ഷിക്കുന്ന വിധത്തില്‍ പദ്ധതി തയ്യാറാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുന്നതിനായി തൊഴില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ഭേദഗതി പ്രകാരം സ്ഥാപന ഉടമകളുടെ സൗകര്യമനുസരിച്ച് അനുയോജ്യമായ സ്ഥലങ്ങളില്‍ തൊഴില്‍ നിയമന യൂണിറ്റുകള്‍ ആരംഭിക്കും. ഈ യൂണിറ്റുകളുടെ ചെലവുകളും മറ്റും മാനവവിഭവ ശേഷി ഫണ്ട് വഹിക്കുമെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നുണ്ട്
തൊഴില്‍ സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കുന്നതിന് റിക്രൂട്ട്‌മെന്റ് നിറുത്തിവെച്ച് ആഭ്യന്തര രംഗത്ത് ലഭ്യമായ വിദേശി മാനവ വിഭവ ശേഷിമാത്രം ഉപയോഗപ്പെടുത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ നിലവില്‍വന്ന തൊഴില്‍ ചട്ടങ്ങളില്‍ ഭേദഗതി.തൊഴില്‍ നിയമന യൂണിറ്റുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനും പ്രവര്‍ത്തന ചിലവുകളും മറ്റും വഹിക്കുന്നതിനും തൊഴില്‍ മന്ത്രാലയവും ചേര്‍ന്ന് സംവിധാനങ്ങളുണ്ടാക്കും.
തൊഴില്‍രഹിതരായ സ്വദേശി യുവതീ യുവാക്കളെ കണ്ടത്തെി മതിയായ പരിശീലനം നല്‍കി വിദേശികളുടെ സ്ഥാനങ്ങളില്‍ നിയമിക്കുകയാണ് തൊഴില്‍ നിയമന യൂണിറ്റുകളുടെ ലക്ഷ്യം. ഇതിനായി വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും സ്വദേശികളെ തൊഴിലുകളിലേക്ക് ആകര്‍ഷിക്കുന്ന വിധത്തില്‍ പദ്ധതി തയ്യാറാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ, ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും നിര്‍ദ്ദേശങ്ങളും നല്‍കി ജോലിയില്‍ തുടരാനുള്ള മാര്‍ഗങ്ങള്‍ എളുപ്പമാക്കണം. ഇവര്‍ക്ക് തൊഴില്‍ നൈപുണ്യം തെളിയിക്കാനുള്ള അവസരങ്ങളും നല്‍കണം.
പുതിയ ഭേദഗതി പ്രാവര്‍ത്തികമാകുന്നതോടെ ഓരോ തൊഴില്‍ സ്ഥാപനങ്ങളിലെയും മൊത്തം ജീവനക്കാരുടെ 75 ശതമാനം സ്വദേശികളായിരിക്കണമെന്നും തൊഴില്‍ ചട്ട ഭേദഗതി അനുശാസിക്കുന്നുണ്ട്. മതിയായ സ്വദേശി ജീവനക്കാര്‍ ലഭ്യമല്ലാതെവരുന്ന സന്ദര്‍ഭങ്ങളില്‍ തൊഴില്‍ മന്ത്രിക്ക് താല്‍ക്കാലികമായി സ്വദേശിവല്‍ക്കരണ ശതമാനത്തില്‍ മാറ്റംവരുത്താം. എന്നാല്‍ ഓരോ തൊഴില്‍ വിഭാഗങ്ങളിലും സ്വദേശിവല്‍ക്കരത്തിന്റെ തോത് പരിശോധിച്ച് തൊഴില്‍ മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് അപ്പപ്പോള്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കും. ഭിന്നശേഷിക്കാരായ സ്വദേശി തൊഴിലന്വേഷകരെ നിയമിക്കുന്നതു സംബന്ധമായും തൊഴില്‍ മന്ത്രാലയം പുതിയ ഭേദഗതി പുറത്തിറക്കിയിട്ടുണ്ട്.