യുഎഇയില്‍ സ്വർണം, വജ്ര മൊത്തവ്യാപാരത്തെ വാറ്റില്‍ നിന്നും ഒഴിവാക്കി
യു.എ.ഇ മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്
സ്വർണം, വജ്ര മൊത്തവ്യാപാരത്തെ മൂല്യവർധിത നികുതിയിൽ നിന്ന് ഒഴിവാക്കി. യു.എ.ഇ മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഈ വർഷം ജനുവരി ഒന്നു മുതലാണ് യു.എ.ഇയിൽ 'വാറ്റ്' പ്രാബല്യത്തിലായത്.
ഏറെക്കുറെ എല്ലാവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും അഞ്ചു ശതമാനം മൂല്യവർധിത നികുതി ഏർപ്പെടുത്തി നാലു മാസം പിന്നിടുന്ന ഘട്ടത്തിലാണ് സ്വർണം, വജ്ര ഇടപാടുകളുടെ മൊത്ത വ്യാപാരത്തെ നികുതിയിൽ നിന്ന് മാറ്റിനിർത്തിയത്. ഷോപ്പുകളിൽ നടക്കുന്ന റീട്ടെയിൽ വ്യപാരത്തിന് വാറ്റ് താൽക്കാലം തുടരും. എന്നാൽ മൊത്ത വ്യാപാരം വാറ്റിൽ നിന്ന് മാറ്റി നിർത്തിയ സാഹചര്യത്തിൽ റീട്ടെയിൽ മേഖലയിലെ സ്വർണ ഉപഭോക്താക്കൾക്കും ഭാവിയിൽ അതിന്റെ ഗുണഫലം ലഭിക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ജ്വല്ലറി ഉടമകളുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. മൊത്ത വ്യാപാരത്തിന് വാറ്റ് പിൻവലിച്ച നടപടി രാത്രി തന്നെ പ്രാബല്യത്തിൽ വന്നു.
രാജ്യത്ത് സ്വർണ, വജ്ര വിപണിയിൽ സന്തുലിതത്വം ഉറപ്പാക്കാൻ പുതിത നടപടി ഉപകരിക്കുമെന്ന് മന്ത്രിസഭാ യോഗത്തെ തുടർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അധികൃതർ ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ നിക്ഷേപകർക്ക് കൂടുതൽ ഉണർവ് പകരാനും തീരുമാനം വഴിയൊരുക്കും. വാറ്റ് കൂടി നടപ്പിൽ വന്നതോടെ സ്വർണ വിപണിയിൽ വിൽപന കുറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു. ജനുവരിയിൽ വിൽപന കാര്യമായി ഇടിഞ്ഞു.
ലോകത്തെ തന്നെ പ്രധാന സ്വർണ വിപണി എന്ന നിലക്കാണ് ദുബൈ അറിയപ്പെടുന്നത്. ദുബൈ സ്വർണത്തിന് എല്ലായിടത്തും ആവശ്യക്കാരും ഏറെയാണ്. വാറ്റ് പൻവലിച്ചതിന്റെ ഗുണഫലം റീട്ടെയിൽ മേഖലയിൽ കൂടി വരികയാണെങ്കിൽ വിപണിക്ക് അത് ഏറെ ഗുണം ചെയ്യും.