യുഎഇയില്‍ കുട്ടികളെ ഉപദ്രവിച്ചാല്‍ കടുത്ത ശിക്ഷ; നിയമം പ്രാബല്യത്തില്‍
കുട്ടികള്‍ക്കെതിരെയുള്ള ചൂഷണം അവസാനിപ്പിക്കുന്നതിനാണ് യുഎഇ സര്‍ക്കാര്‍ ഇത്തരമൊരു കര്‍ശന നിയമം കൊണ്ടുവരുന്നത്.
കുട്ടികളെ ഉപദ്രവിച്ചാല്‍ ഇനി മുതല്‍ യുഎയില്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കുട്ടികള്‍ക്കെതിരെയുള്ള ചൂഷണം അവസാനിപ്പിക്കുന്നതിനാണ് യുഎഇ സര്‍ക്കാര്‍ ഇത്തരമൊരു കര്‍ശന നിയമം കൊണ്ടുവരുന്നത്.
രാജ്യത്തെ മുഴുവന്‍ കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പോന്ന വ്യവസ്ഥകളാണ് മൂന്നാം നമ്പര്‍ നിയമത്തിലുള്ളത്. യുഎഇയിലെ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ നിയമം ബാധകമായിരിക്കും. കുട്ടികളെ ഒഴിവാക്കുക, മാനസികമായി പീഡിപ്പിക്കുക, തനിച്ച് വീട്ടില്‍ നിര്‍ത്തുക, കുട്ടികളെ കാറിന്റെ മുന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യിക്കുക, ഡ്രൈവറുടെ ഒപ്പം ഇരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിയമം പറയുന്നു. കെട്ടിടങ്ങളില്‍ നിന്ന് കുട്ടികള്‍ താഴെ വീണ് അപകടം സംഭവിച്ചാല്‍ അശ്രദ്ധയുടെ പേരില്‍ രക്ഷിതാക്കള്‍ക്കെതിരെ കര്‍ശനശിക്ഷ ഉറപ്പാക്കും. അപകടകരമായ സാഹചര്യത്തില്‍ കുട്ടികളെ കാണുന്നവര്‍ വിവരം റിപ്പോര്‍ട്ട് ചെയ്യേണ്ടതും നിര്‍ബന്ധമാണ്. അശ്ളീല ചിത്രങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കും.
കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് അതോറിറ്റിയും 24 സര്‍ക്കാര്‍ ഏജന്‍സികളും പങ്കെടുത്ത യോഗമാണ് അടുത്തിടെ നിയമത്തിന് രൂപം നല്‍കിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമം പ്രായോഗികതലത്തില്‍ കൊണ്ടുവരികയെന്നത് മുഴുവന്‍ സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി.