യുഎഇ ഫുഡ്ബാങ്കിന്റെ ആദ്യ സംഭരണ കേന്ദ്രത്തിന് തുടക്കമായി
പട്ടിണിയും ഭക്ഷണം പാഴാക്കലും ഇല്ലാതാക്കാനുള്ളതാണ് പദ്ധതി
യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച യുഎഇ ഫുഡ്ബാങ്കിന്റെ ആദ്യ സംഭരണ കേന്ദ്രത്തിന് തുടക്കമായി. പട്ടിണിയും ഭക്ഷണം പാഴാക്കലും ഇല്ലാതാക്കാനുള്ളതാണ് പദ്ധതി. അൽ ഖൂസിലെ അൽ ഖൈൽ റോഡിൽ തുറന്ന ഫുഡ്ബാങ്കിൽ പാക്ക് ചെയ്തതും സംസ്കരിച്ചതുമായ ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
നഗരസഭ നിയോഗിച്ച രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ബാങ്കിൽ എത്തുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പുവരുത്തും. ഭക്ഷ്യബാങ്ക് പദ്ധതിയിൽ പങ്കാളികളായ ജീവകാരുണ്യ സംഘടനകൾ ഭക്ഷണം ശേഖരിച്ച് ആവശ്യക്കാർക്കിടയിൽ വിതരണം ചെയ്യും.
400കോടി ദിർഹത്തിന്റെ ഭക്ഷണം പാഴാവുന്നത് തടയാൻ പദ്ധതികൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ ദുബൈയിലും മറ്റ് എമിറേറ്റുകളിലുമാണ് ഭക്ഷണം എത്തിക്കുക. എന്നാൽ വൈകാതെ സോമാലിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആവശ്യക്കാർക്ക് ഭക്ഷണം നൽകാൻ കഴിയുമെന്ന് നഗരസഭാ ഡയറക്ടർ ജനറലും ഭക്ഷ്യബാങ്കിന്റെ ചുമതലക്കാരനുമായ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു. ഈ വർഷം ദുബൈയിൽ അഞ്ച് ബാങ്കുകളും മറ്റ് എമിറേറ്റുകളിലായി 30 എണ്ണവും തുറക്കും. ഹോട്ടൽ ഗ്രൂപ്പുകളും ഹൈപ്പർ മാർക്കറ്റ് ശൃംഖലകളുമുൾപ്പെടെ 20സ്ഥാപനങ്ങൾ ഇതിനകം ഭക്ഷണം നൽകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.