ഒമാനിലേക്ക് വീട്ടുജോലിക്കാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി നിര്‍ബന്ധമാക്കി

Update: 2018-05-14 14:08 GMT
Editor : admin
ഒമാനിലേക്ക് വീട്ടുജോലിക്കാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി നിര്‍ബന്ധമാക്കി
Advertising

ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി ഹാജരാക്കിയാല്‍ മാത്രമേ എമിഗ്രേഷന്‍ വകുപ്പ് വീട്ടുജോലിക്കാർക്കുള്ള വിസ അനുവദിക്കുകയുള്ളൂ.

Full View

ഒമാനിലേക്ക് വീട്ടുജോലിക്കാരെ കൊണ്ട് വരുന്നതിന് ഇന്ത്യന്‍ എംബസിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി. എംബസി നടപടി ക്രമങ്ങള്‍ മറികടന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി ഹാജരാക്കിയാല്‍ മാത്രമേ എമിഗ്രേഷന്‍ വകുപ്പ് വീട്ടുജോലിക്കാർക്കുള്ള വിസ അനുവദിക്കുകയുള്ളൂ.

വീട്ടുജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇന്ത്യന്‍ എംബസി എന്‍ഒസി നിർബന്ധമാക്കിയതെന്ന് അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ പറഞ്ഞു. മൂന്നാഴ്ച മുമ്പാണ് ഇതു സംബന്ധിച്ച തീരുമാനമായത്. തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗത്തിന് മുന്നില്‍ ഈ അപേക്ഷ വെക്കുകയായിരുന്നു. നിലവില്‍ വിദേശജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യണമെങ്കില്‍ ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഇതോടൊപ്പമാണ് എന്‍ഒസി സമ്പ്രദായം കൂടി നടപ്പിലാക്കുന്നത്. വീട്ടുജോലിക്കാരെ വേണ്ടവര്‍ 1100 റിയാലിന്റെ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിയമം നാലുവര്‍ഷം മുമ്പ് ഇന്ത്യന്‍ എംബസി നിര്‍ബന്ധമാക്കിയിരുന്നു. വീട്ടുജോലിക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും മതിയായ സംരക്ഷണം ലഭിക്കാതെ ഒറ്റപ്പെടുന്ന സംഭവങ്ങള്‍ ഇല്ലാതാക്കുന്നതിനുമായിരുന്നു എംബസി ഈ തീരുമാനമെടുത്തത്. എന്നാല്‍ വീട്ടുജോലിക്കാരെ നാട്ടില്‍ നിന്ന് വിസിറ്റിങ് വിസയിലും മറ്റും കൊണ്ട് വന്ന് മാനദണ്ഡങ്ങള്‍ മറികടക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് എംബസി എന്‍ഒസി നിർബന്ധമാക്കിയത്.

പുതിയ തീരുമാന പ്രകാരം തൊഴിലുടമ ആദ്യം ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെ അപേക്ഷിക്കുകയാണ് വേണ്ടത്. തുടര്‍ന്ന് ബാങ്ക് ഗ്യാരണ്ടിയടക്കം രേഖകളുമായി എംബസിയിലത്തെി എന്‍ഒസിക്ക് അപേക്ഷിക്കണം. നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചാണ് റിക്രൂട്ട്മെന്‍റ് എന്ന് ഉറപ്പിച്ച ശേഷമേ ഇന്ത്യന്‍ എംബസി എന്‍ഒസി നൽകുകയുള്ളൂ. കഴിഞ്ഞ ദിവസങ്ങളിലായി വിസക്ക് അപേക്ഷിച്ച പലരെയും എന്‍ഒസി ആവശ്യപ്പെട്ട് എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് മടക്കി അയച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News