ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തിൽ കുവൈത്തില്‍ വന്‍ വർദ്ധന
സർക്കാർ സ്വകാര്യ മേഖലകളിലെ മൊത്തം തൊഴിലാളികളുടെ 25. 3 ശതമാനമാണ് നിലവിലെ ഇന്ത്യൻ സാന്നിധ്യം. കുവൈത്ത് സെന്‍ട്രല്‍ സെന്‍സസ് ബോര്‍ഡാണ് കഴിഞ്ഞ നാലുമാസങ്ങളിലെ സ്ഥിതിവിവരകണക്കു പ്രസിദ്ധീകരിച്ചത്
കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധന. സർക്കാർ സ്വകാര്യ മേഖലകളിലെ മൊത്തം തൊഴിലാളികളുടെ 25. 3 ശതമാനമാണ് നിലവിലെ ഇന്ത്യൻ സാന്നിധ്യം. കുവൈത്ത് സെന്‍ട്രല്‍ സെന്‍സസ് ബോര്‍ഡാണ് കഴിഞ്ഞ നാലുമാസങ്ങളിലെ സ്ഥിതിവിവരകണക്കു പ്രസിദ്ധീകരിച്ചത്.
കുവൈത്ത് തൊഴിൽ മേഖലയിൽ ഇന്ത്യൻ മേധാവിത്വം തുടരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോട്ടാണ് സെന്സസ് ബോർഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത് . പോയ വർഷം 24.8 ശതമാനം ആയിരുന്ന ഇന്ത്യൻ തൊഴിലാളികളുടെ സാന്നിധ്യം ഏറ്റവും പുതിയ കണക്കനുസരിച്ച് 25.3 ആയി വർധിച്ചിട്ടുണ്ട് . പൊതു സ്വകാര്യ മേഖലകൾക്ക് പുറമേ ഗാർഹിക മേഖലയിലും ഇന്ത്യകാർ തന്നെയാണ് മുന്നിൽ. മൊത്തം ഗാര്‍ഹിക തൊഴിലാളികളില്‍ 43.9 ശതമാനം വരും ഇന്ത്യക്കാരുടെ തോത്. 19.6 ശതമാനവുമായി ഫിലിപ്പൈൻസാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ശ്രീലങ്ക മൂന്നാം സ്ഥാനത്തും ബംഗ്ളാദേശ് നാലാം സ്ഥാനത്തുമാണ്. ഇത്യോപ്യ, നേപ്പാള്‍, ഇന്തോനേഷ്യ, ഘാന, സോമാലിയ, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ തൊഴിലാളികളാണ് ഗാര്‍ഹിക മേഖലകളില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിൽ . ഇന്ത്യ കഴിഞ്ഞാൽ ഈജിപ്തുകാരാണ് പൊതു സ്വകാര്യ തൊഴിൽ മേഖലകളിലെ രണ്ടാമത്തെ വലിയ സമൂഹം . മൊത്തം തൊഴിലാളികളുടെ 23 ശതമാനം വരും ഈജിപ്തുകാരുടെ തോത്. കുവൈത്ത് സ്വദേശികൾ മൂന്നാം സ്ഥാനത്താണ്.
പൊതുമേഖലയിലും സ്വകാര്യമേഖലകളിലുമായി 19.1 ശതമാനം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ജോലി ചെയ്യുന്ന സ്വദേശികളില്‍ കൂടുതല്‍ സ്ത്രീകളാണെന്ന കാര്യവും റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമർശിക്കപ്പെട്ടിട്ടുണ്ട്. തൊഴിൽ മേഖലയിൽ ജനസംഖ്യാസന്തുലനം പാലിക്കുന്നതിനായി വിദേശികൾക്ക് വാര്‍ഷിക ക്വാട്ട നിശ്ചയിക്കുമെന്നു കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രി പ്രസ്ഥാവിച്ചിരുന്നു .