ഇഫ്താറിനെ ആശയ സംവാദത്തിനുള്ള വേദിയാക്കി എസ്എന്‍ഡിപി ദുബൈ ഘടകം
ഇഫ്താര്‍ ചടങ്ങിനെ ആശയ സംവാദത്തിനുള്ള വേദിയാക്കി മാറ്റി എസ്എന്‍ഡിപി യോഗം ദുബൈ ഘടകം
ഇഫ്താര്‍ ചടങ്ങിനെ ആശയ സംവാദത്തിനുള്ള വേദിയാക്കി മാറ്റി എസ്എന്‍ഡിപി യോഗം ദുബൈ ഘടകം. വിവിധ മത വിഭാഗങ്ങള്‍ക്ക് പരസ്പരം മനസിലാക്കാനുള്ള മികച്ച അവസരം കൂടിയായി ഇഫ്താര്‍ ചടങ്ങ് മാറുകയായിരുന്നു.
ഇഫ്താര്‍ ചടങ്ങുകള്‍ പ്രവാസ ലോകത്ത് പുതുമയുള്ള ഒന്നല്ല. എന്നാല്‍ ഇസ്ലാമിനെയും റമദാന്‍ മാസത്തിന്റെ പ്രത്യേകതകളെയും മറ്റു മതസ്ഥര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ സാധിച്ചു എന്നിടത്താണ് എസ്എന്‍ഡിപി യോഗം ദുബൈ ഘടകത്തിന്റെ ഇഫ്താര്‍ വേറിട്ടു നില്‍ക്കുന്നത്. ഒന്നര മണിക്കൂറോളം നീണ്ട ചടങ്ങില്‍ സദസില്‍ നിന്നും നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. മുസ്ലിംകളല്ലാത്തവര്‍ നോമ്പെടുക്കുന്നതിന്റെ മതവിധി, മാംസാഹാരത്തിന്റെ ഇസ്ലാമിക നിലപാട് തുടങ്ങി ബഹുഭാര്യാത്വം വരെയുള്ള വിഷയങ്ങള്‍ ഉയര്‍ന്നു വന്നു. അബ്ദുല്‍ സലാം അഹ്മദ്, നിസാര്‍ മുഹമ്മദ് എന്നിവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഹിഷാം അബുദല്‍ സലാം ആയിരുന്നു അവതാരകന്‍.
പരസ്പരം മനസിലാകാതെ പോകുന്നതാണ് മതവിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ചക്ക് വേദിയൊരുക്കുന്നതെന്ന് തിരിച്ചറിഞ്ഞാണ് സംവാദ ഇഫ്താര്‍ ചടങ്ങിന് വേദിയൊരുക്കിയതെന്ന് എസ്എന്‍ഡിപി യോഗം യു.എ.ഇ കണ്‍വീനര്‍ എസ്. പ്രസാദ് പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ദുബൈ ഘടകം സരാഥികളായ ശിവദാസന്‍, സാജന്‍ സത്യ എന്നിവര്‍ നേതൃത്വം നല്‍കി.