യുഎഇയില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാന്‍ നിയമം
പുതിയ നിയമം ഉടന്‍ നിലവില്‍ വരും
യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ എമിറേറ്റില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാന്‍ കഴിയുന്ന വിധം നിയമം ഭേദഗതി ചെയ്തു. പുതിയ നിയമം ഉടന്‍ നിലവില്‍ വരും.
ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ റാശിദ് ആല്‍ മുല്ലയാണ് പുതിയ നിയമഭേദഗതി പ്രഖ്യാപിച്ചത്. പുതിയ നിയമമാറ്റം അനുസരിച്ച് എമിറേറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് പൊതുമരാമത്ത് വകുപ്പും, ഉമ്മുല്‍ഖുവൈന്‍ പൊലീസ് ആസ്ഥാനവും നോട്ടീസ് നല്‍കും. മുന്നറിയിപ്പുണ്ടായിട്ടും നീക്കം ചെയ്യാത്ത വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കും. നമ്പര്‍ പ്ലേറ്റ് ഇല്ലാതെ കാണുന്ന വാഹനങ്ങള്‍ പൊലീസ് മുന്നറിയിപ്പില്ലാതെ തന്നെ പിടികൂടും. പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴ, അഡ്മിനിസ്ട്രേറ്റീവ് ഫീസ്, പിടിച്ചെടുക്കാന്‍ വേണ്ടി വന്ന ചെലവ് എന്നിവ ഈടാക്കി മാത്രമേ ഉടമക്ക് തിരിച്ചുനല്‍കൂ. പിടികൂടിയ വാഹനങ്ങള്‍ ഉടമ ഹാജരാകുന്നില്ലെങ്കില്‍ മൂന്ന് മാസത്തിന് ശേഷം ലേലം ചെയ്യും. രണ്ട്, അറബ് ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം നല്‍കിയ ശേഷമാണ് വാഹനങ്ങള്‍ ലേലം ചെയ്യുക.