വിശുദ്ധ ഹറമുകളിലേക്ക് ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ധിച്ചു
മക്കയിലെ മസ്ജദുല്‍ ഹറാമിലും മദീനയിലെ പ്രവാചക പള്ളിയിലും ലക്ഷക്കണക്കിന് വിശ്വാസികളാണ് പ്രാര്‍ഥനക്ക് എത്തുന്നത്
റമദാന്‍ അവസാന പത്തിലേക്ക് കടന്നതോടെ വിശുദ്ധ ഹറമുകളിലേക്ക് ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ധിച്ചു. മക്കയിലെ മസ്ജദുല്‍ ഹറാമിലും മദീനയിലെ പ്രവാചക പള്ളിയിലും ലക്ഷക്കണക്കിന് വിശ്വാസികളാണ് പ്രാര്‍ഥനക്ക് എത്തുന്നത്. റമദാന്‍ ഉംറ സുരക്ഷ പദ്ധതി വിജയകരമായി നീങ്ങുന്നതായി സുരക്ഷാ വിഭാഗം അറിയിച്ചു. സല്‍മാന്‍ രാജാവ് ഉള്‍പ്പെടെയുള്ള പ്രമുഖരും മക്കയിലെത്തി.
റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മസ്ജിദുല്‍ ഹറാമിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെ ആഭ്യന്തര തീര്‍ഥാടകരുടെയും വലിയ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച സൌദിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ആരംഭിച്ചതോടെ തിരക്ക് ഇനിയും വര്‍ദ്ധിക്കും. പ്രവാചക ചര്യ പിന്‍പറ്റി റമദാനിലെ അവാസന പത്ത് ദിവസത്തെ ഇഅ്തികാഫിനായി മക്കയിലും മദീനയിലും നിരവിധി പേര്‍ എത്തിയിട്ടുണ്ട്. റമദാന്‍ അവസാന നാളുകളിലെ തിരക്ക് പരിഗണിച്ച് നേരത്തെ തന്നെ ഒരുക്കള്‍ പൂര്‍ത്തിയാക്കിയിരുന്നു. മക്ക മേഖല ഗവര്‍ണ്ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍, ഡപ്യൂട്ടി ഗവര്‍ണ്ണര്‍ അമീര്‍ അബ്ദുള്ള ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തി ഒരുക്കങ്ങള്‍ പരിശോധിച്ചിരുന്നു. ഹറം പരിസരങ്ങളിലും വഴികളിലും നമസ്കാരം നിയന്ത്രിക്കും. ഇശാ നമസ്കാരത്തിന് ശേഷവും രാത്രി നമസ്കാരങ്ങളായ തറാവീഹ്, തഹജ്ജുദ് എന്നിവക്ക്ശേഷവും തീര്‍ഥാടകരുടെ തിരിച്ച്പോക്ക് സുഖമമാക്കാനും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദീയിലെ മസ്ജിദുന്നബവിയും വിപുലമായ സംവിധാനങ്ങളാണ് വിശ്വാസികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. റമദാനിലെ അവസാന ദിനങ്ങള്‍ ഹറമില്‍ ചെലവഴിക്കാനായി സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉള്‍പ്പെടെയുള്ള ഭരണ തലത്തിലെ ഉന്നതര്‍ കഴിഞ്ഞ ദിവസം തന്നെ മക്കയിലെത്തിയിരുന്നു. സഫ കൊട്ടാരത്തില്‍ കഴിയുന്ന സല്‍മാന്‍ രാജാവ് മസ്ജിദുല്‍ ഹറാം ഇമാമുമാര്‍ക്കും പണ്ഡിതന്‍മാര്‍ക്കും വ്യാഴാഴ്ച ഇഫ്താര്‍ വിരുന്നും ഒരുക്കിയിരുന്നു.