സൌദിയിലെ വേതനസുരക്ഷ നിയമം: പുതിയ ഘട്ടം ആഗസ്ത് മുതല്‍

Update: 2018-05-15 23:52 GMT
Editor : Jaisy
സൌദിയിലെ വേതനസുരക്ഷ നിയമം: പുതിയ ഘട്ടം ആഗസ്ത് മുതല്‍
Advertising

60 മുതല്‍ 79 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിയമം ബാധകമാവുക

സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന വേതനസുരക്ഷ നിയമത്തിന്റെ പതിനൊന്നാം ഘട്ടം ആഗസ്ത് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. 60 മുതല്‍ 79 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിയമം ബാധകമാവുക.

Full View

7,021 സ്ഥാപനങ്ങളിലുള്ള 4,81,097 തൊഴിലാളികള്‍ക്ക് പുതിയ ഘട്ടത്തില്‍ വേതന സുരക്ഷാ നിയമത്തിന്റെ പരിരക്ഷ ലഭിക്കും. ചെറുകിട സ്ഥാപനങ്ങളിലും അടുത്ത ഘട്ടത്തില്‍ നിയമം നടപ്പാക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ഘട്ടങ്ങളിലായി നടപ്പാക്കിയ നിയമത്തിലൂടെ 80ന് മുകളില്‍ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ നിയമപരിധിയില്‍ വന്നിരുന്നു. തൊഴിലാളികളുടെ വേതന, സേവന വിവരങ്ങള്‍ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നിയമത്തിലെ ഏറ്റവും സുപ്രധാന വശം. തൊഴിലാളികളുടെ വേതനം താമസം കൂടാതെ നല്‍കുന്നു എന്ന് ഇതിലൂടെ മന്ത്രാലയത്തിന് ഉറപ്പുവരുത്താനാവും. തൊഴില്‍ പ്രശ്നങ്ങള്‍ കുറക്കാനും പരാതികള്‍ ഇല്ലാതാക്കാനും ഒരു പരിധിവരെ നിയമം സഹായകമാവുമെന്ന് മന്ത്രാലത്തിലെ ഔദ്യോഗിക വക്താവ് പ്രത്യാശ പ്രകടിപ്പിച്ചു.

തൊഴിലാളികളുടെ വ്യക്തി, പ്രൊഫഷന്‍ വിവരങ്ങള്‍ക്ക് പുറമെ സേവന, വേതന വിവരങ്ങളും മന്ത്രാലയം ആവശ്യപ്പെടുന്ന ഡാറ്റാബേസില്‍ നല്‍കുകയാണ് സ്ഥാപന അധികൃതര്‍ ചെയ്യേണ്ടത്. ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ താമസം കൂടാതെ ബാങ്ക് വഴി ട്രാന്‍സ്ഫര്‍ ചെയ്യുക, ഓരോ ജോലിക്കുമുള്ള ശമ്പളം നിശ്ചയിക്കുക, സേവന, വേതന വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കുക തുടങ്ങിയ നടപടികളാണ് വേതനസുരക്ഷ നിയമത്തിന്റെ ഭാഗമായി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News