സൌദിയില്‍ വേതനസുരക്ഷ നിയമത്തിന്റെ പന്ത്രണ്ടാം ഘട്ടം പ്രാബല്യത്തിലായി
ജോലിക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ക്കാണ് നിയമം തൊഴില്‍ മന്ത്രാലയത്തിന്റെ നിയമം ബാധകമാവുക
സൌദിയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കൃത്യസമയത്ത് ഉറപ്പാക്കുന്ന വേതനസുരക്ഷ നിയമത്തിന്റെ പന്ത്രണ്ടാം ഘട്ടം പ്രാബല്യത്തിലായി. 40 ജോലിക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ക്കാണ് നിയമം തൊഴില്‍ മന്ത്രാലയത്തിന്റെ നിയമം ബാധകമാവുക. ഏഴ് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
ഭീമന്‍ കമ്പനികളിലാണ് വേതനസുരക്ഷ നിയമം ആരംഭിച്ചത്. 40 മുതല്‍ 59 വരെ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് നിയമം ബാധകമാവുക. ഇതനുസരിച്ച് 14,288 സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാകും. ഇതിനു കീഴിലെ 6,87,607 തൊഴിലാളികള്‍ക്ക് ഇതുവഴി നിയമപരരക്ഷ ഉറപ്പാക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ കൃത്യസമയത്ത് നിയമം ഉറപ്പു വരുത്തും. സേവനം നിഷേധിച്ചാലും വൈകിച്ചാലും സ്ഥാപനങ്ങള്‍ക്ക് പിടിവീഴും. വേതന സുരക്ഷാ നിയമത്തിന് ഗുണങ്ങളേറെയുണ്ട്. തൊഴിലാളികളുടെ വേതന, സേവന വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയ നെറ്റ് വര്‍ക്കില്‍ ലഭ്യമാക്കുന്നതാണ് വേതനസുരക്ഷ നിയമത്തിന്റെ ആദ്യ നടപടി. ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 3000 റിയാല്‍ പിഴ ചുമത്തും. രണ്ട് മാസം ശമ്പളം വൈകിച്ചാല്‍ തൊഴിലാളികളുടെ ഇഖാമ, വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതില്‍ നിന്ന് കമ്പനികളെ വിലക്കും. മൂന്ന് മാസം ശമ്പളം വൈകിയാല്‍ ജോലിക്കാര്‍ക്ക് മറ്റുജോലികള്‍ നോക്കാം. ഇതിന് തൊഴിലുടമയുടെ അനുവാദം കൂടാതെ സ്പോണ്‍സര്‍ഷിപ്പ് മാറാനും മന്ത്രാലയം അനുമതി നല്‍കും.
തൊഴില്‍ പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കാനാവുമെന്നതാണ് നിയമത്തിന്റെ ഗുണഫലം. ചെറിയ സ്ഥാപനങ്ങളില്‍ അടുത്ത ഘട്ടത്തില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. 60 ജോലിക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ക്ക് നേരത്തെ നിയമം ബാധകമായിരുന്നു.