അബൂദബിയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ചെലവ് കുത്തനെ ഉയരും
അബൂദബിയില്‍ സ്വകാര്യ ആശുപത്രികളില്‍ സേവനത്തിന് കൂടുതല്‍ തുക ചെലവിടാന്‍ സ്വദേശികളും പ്രവാസികളും നിര്‍ബന്ധിതമാകും.
അബൂദബിയില്‍ സ്വകാര്യ ആശുപത്രികളില്‍ സേവനത്തിന് കൂടുതല്‍ തുക ചെലവിടാന്‍ സ്വദേശികളും പ്രവാസികളും നിര്‍ബന്ധിതമാകും. ഹെല്‍ത്ത് അതോറിറ്റി അബൂദബി പ്രഖ്യാപിച്ച പുതിയ വ്യവസ്ഥകളെ തുടര്‍ന്നാണിത്. 40നും അതിന് മുകളിലും പ്രായമുള്ള 5000 ദിര്‍ഹം വരെ ശമ്പളമുള്ള അടിസ്ഥാന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായ വിദേശ തൊഴിലാളികള്‍ക്ക് ആവശ്യമെങ്കില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 50 ശതമാനം വരെ സ്വയം വഹിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാമെന്നാണ് അതോറിറ്റിയുടെ പുതിയ വ്യവസ്ഥ.
അടിസ്ഥാന ഇന്‍ഷുറന്‍സ് പദ്ധതിയിലുള്ള വിദേശ തൊഴിലാളികള്‍ ഭാര്യക്കും 18 വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികള്‍ക്കും പ്രീമിയത്തിന്റെ 50 ശതമാനം അടക്കണം. നാലാമത് മുതലുള്ള കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മുഴുവന്‍ പ്രീമിയവും വിദേശ തൊഴിലാളി തന്നെ അടക്കണം. എണ്ണ വിലത്തകര്‍ച്ചയെ തുടര്‍ന്ന് ജീവിത ചെലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അബൂദബിയിലെ പ്രവാസികള്‍ക്ക് സ്വകാര്യ ആശുപത്രി ചികില്‍സ കൂടുതല്‍ ബാധ്യതയായി മാറും. എമിറേറ്റിലെ യു.എ.ഇ പൗരന്മാര്‍ക്കും സ്വകാര്യ മേഖലയിലെ ആതുര ചികില്‍സക്ക് ചെലവേറും. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം നിലവിലുള്ള രീതിയില്‍ തന്നെ തുടരാനാണ് തീരുമാനം. ആരോഗ്യ സംരക്ഷണത്തിന്റെ ഗുണമേന്മയും വൈപുല്യവും അധികരിപ്പിക്കുകയും ആരോഗ്യ പരിപാലന മേഖലയിലെ മാത്സര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്ത് കൂടുതല്‍ സുസ്ഥിരമായ ആരോഗ്യ സംരക്ഷണ മേഖല വാര്‍ത്തെടുക്കാനാണ് നീക്കമെന്ന് ഹെല്‍ത്ത് അതോറിറ്റി അബൂദബി വ്യക്തമാക്കുന്നു.