പതിമൂന്നു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന മലയാളി സൌദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി
നാട്ടിലുള്ള ആറ് പെണ്‍മക്കള്‍ക്കും വിദ്യഭ്യാസം നല്‍കുന്നതിനും അവരെ കെട്ടിച്ചു വിടാനുള്ള ശ്രമത്തിനിടെ നാട്ടില്‍ അവധിക്കു പോവുന്നത് വേണ്ടന്നു വെച്ചു. 19 വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ നാട്ടില്‍ പോയത്.
പതിമൂന്നു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്താല്‍ സൌദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി. ഇരുപത് വര്‍ഷത്തിലേറെയായി നിര്‍മാണ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്ന എറണാകുളം തിരുത്തിപുറം സ്വദേശി തോമസാണ് രോഗം തളര്‍ത്തിയ മനസുമായി വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ടയില്‍ അനുഭവപെട്ട മുഴ വലുതായതിനെ തുടര്‍ന്ന്‍ സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് ഇദ്ദേഹം മടക്കം.
1996 ലാണ് തോമസ് കടല്‍ കടന്ന് സൗദിയിലെത്തിയത്. റിയാദിലെ വിവിധ ഇടങ്ങളില്‍ ടൈല്‍സ് പതിക്കല്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു. നാട്ടിലുള്ള ആറ് പെണ്‍മക്കള്‍ക്കും വിദ്യഭ്യാസം നല്‍കുന്നതിനും അവരെ കെട്ടിച്ചു വിടാനുള്ള ശ്രമത്തിനിടെ നാട്ടില്‍ അവധിക്കു പോവുന്നത് വേണ്ടന്നു വെച്ചു. 19 വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ നാട്ടില്‍ പോയത്. സൗദിയിലെത്തി ആദ്യ 6 വര്‍ഷങ്ങള്‍ക്കിടെയായിരുന്നു ഇത്. ഇതിനിടയില്‍ നാലു മക്കളുടെ വിവിഹം കഴിഞ്ഞു. സ്പോണ്‍സര്‍ നിയമകുരുക്കില്‍ പെട്ടതിനെ തുടര്‍ന്ന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി താമസ രേഖ പുതുക്കാന്‍ സാധിച്ചില്ല. ഒരു വ്യാഴവട്ടത്തിലേറെ കാലം ഭാര്യയും മക്കളേയും കാണാനുള്ള മോഹം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു തോമസ്. നാട്ടിലെത്താന്‍ ശ്രമിക്കുന്നതിനിടെ പൊടുന്നനെ തൊണ്ടയില്‍ ശക്തമായ വേദനയും ഒപ്പം സംസാര ശേഷിയും നഷ്ടമായി.
അര്‍ബുദ ലക്ഷണങ്ങള്‍ കണ്ട തോമസിന്റെ ദയനീയവസ്ഥകണ്ട് റിയാദിലെ നവോദയ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഭക്ഷണവും മറ്റു സഹായങ്ങളും നല്‍കി സഹായിച്ചു. സാമൂഹ്യ പ്രവര്‍ത്തകര്‍ എംബസിയുടെ ശ്രദ്ദയില്‍ പെടുത്തി ഔട്ട് പാസ് നേടിയെങ്കിലും ഇഖാമ കാലാവധി തീര്‍ന്നതിനാല്‍ എക്‌സിറ്റ് നേടാന്‍ സാധിച്ചില്ല. തോമസിന്റെ ദയനീയ സ്ഥിതി ദമ്മാം തര്‍ഹീല്‍ മേധാവിയുടെ ശ്രദ്ദയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം എക്‌സിറ്റ് അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ ജെറ്റ്എയര്‍ വിമാനത്തില്‍ തോമസിനെ നാട്ടിലെത്തിച്ചു. ഇപ്പോള്‍ പറവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.