യു.എ.ഇ ദിര്‍ഹത്തിന് 44 വയസ്; അപൂര്‍വ ദിര്‍ഹങ്ങളുടെ ശേഖരവുമായി മലയാളി
ഈ അവസരത്തില്‍ അപൂര്‍വ ദിര്‍ഹങ്ങളുടെ ശേഖരവുമായി രാജ്യത്തിന്റെ ചരിത്രം പറയുകയാണ് ദുബൈയിലെ ഒരു മലയാളി
യു എ ഇ നാണയമായ 'ദിര്‍ഹം' ഇന്ന് നാല്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ അപൂര്‍വ ദിര്‍ഹങ്ങളുടെ ശേഖരവുമായി രാജ്യത്തിന്റെ ചരിത്രം പറയുകയാണ് ദുബൈയിലെ ഒരു മലയാളി. തന്റെ വിലപ്പെട്ട ശേഖരം സൂക്ഷിക്കാന്‍ മുറിയില്‍ ഇടമില്ലാത്തതിന്റെ ദുഃഖത്തിലാണ് ഈ കാസര്‍കോട്ടുകാരന്‍ .
നോട്ട് രൂപത്തില്‍ ഇറങ്ങിയ ആദ്യകാലത്തെ ഒരു ദിര്‍ഹം. ഒരു ദിര്‍ഹത്തിന്റെ നാണയം തന്നെ 36 തരം. യു.എ.ഇയും ഖത്തറും സംയുക്തമായി പുറത്തിറക്കിയ അഞ്ച് ദിര്‍ഹത്തിന്റെ നോട്ട്. അങ്ങനെ നീളുന്നു കാസര്‍കോട് പൈക്ക സ്വദേശി ഹമീദിന്റെ ശേഖരത്തിലെ അപൂര്‍വ ദിര്‍ഹങ്ങളുടെ കൗതുകങ്ങള്‍. കറന്‍സി കൊണ്ട് മാത്രമല്ല പലരും ഉപയോഗിച്ച് വലിച്ചെറിയുന്ന ടെലഫോണ്‍ കാര്‍ഡിലൂടെയും ഹമീദ് പൈക്ക യു എ ഇയുടെ ചരിത്രം പറയുകയാണ്.
ലഹരിമരുന്നിനെതിരെ മലയാളത്തില്‍ സന്ദേശവുമായി പുറത്തിറക്കിയ കാര്‍ഡ്‍. ശൈഖ് മുഹമ്മദിന്റെ അഞ്ച് ചിത്രങ്ങള്‍ തെളിയുന്ന പോസ്റ്റല്‍ സ്റ്റാമ്പ്. ഉരച്ചാല്‍ കാപ്പിപൊടിയുടെ സുഗന്ധം പരത്തുന്ന തപാല്‍ സ്റ്റാമ്പ്. പത്രകട്ടിങ്ങുകളുടെ ശേഖരം വേറെ. ബര്‍ദുബൈയില്‍ ഷിപ്പിങ് കമ്പനി ജീവനക്കാരനായ ഹമീദ് പത്തുവര്‍ഷം കൊണ്ട് ശേഖരിച്ചതാണ് ഇവ. യു എ ഇ ദേശീയദിനത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണ് സ്വപ്നം.