അന്താരാഷ്ട്ര തലത്തില്‍ സുപ്രധാന നേട്ടവുമായി അബൂദബി വിമാനത്താവളം
അന്താരാഷ്ട്ര വ്യോമയാന രംഗത്ത് സുപ്രധാന സ്ഥാനം സ്വന്തമാക്കിയ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം കുതിപ്പ് തുടരുന്നു
അന്താരാഷ്ട്ര വ്യോമയാന രംഗത്ത് സുപ്രധാന സ്ഥാനം സ്വന്തമാക്കിയ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം കുതിപ്പ് തുടരുന്നു. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസക്കാലയളവില്‍ യാത്രക്കാരുടെയും സര്‍വീസുകളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. മൂന്ന് മാസക്കാലയളവില്‍ 60.44 ലക്ഷം യാത്രികരാണ് അബൂദബി വിമാനത്താവളം ഉപയോഗപ്പെടുത്തിയത്.
2015 ലെ ആദ്യ മൂന്ന് മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 9.5 ശതമാനം വര്‍ധനയാണുണ്ടായത്. 2015 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 55.21 ലക്ഷം യാത്രികരാണ് അബൂദബി വിമാനത്താവളത്തിലൂടെ കടന്നുപോയത്. അതേസമയം, വിമാന നീക്കത്തില്‍ 1.5 ശതമാനം വര്‍ധനയാണുണ്ടായത്. അബൂദബി കേന്ദ്രീകരിച്ച് ഏറ്റവും കൂടുതല്‍ യാത്രികര്‍ സഞ്ചരിക്കുന്നത് ഇന്ത്യന്‍ സെക്ടറിലേക്കാണ്. 10.82 ലക്ഷം ഇന്ത്യന്‍ യാത്രികരാണ് അബൂദബിയിലേക്ക് വരുകയും പോകുകയും ചെയ്തത്. 2015 ലെ ആദ്യ മൂന്ന് മാസത്തെ അപേക്ഷിച്ച് 26.9 ശതമാനം വര്‍ധനയാണ് അബൂദബി- ഇന്ത്യന്‍ സെക്ടറിലേക്ക് ഉണ്ടായത്. അബൂദബിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് ബാങ്കോക്ക്, ലണ്ടന്‍ ഹീത്രൂ, ജിദ്ദ, ദോഹ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ്. 2016ന്റെ ആദ്യ പാദത്തില്‍ അമേരിക്ക, ബ്രിട്ടന്‍, തായ്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രികരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി അബൂദബി എയര്‍പോര്‍ട്സ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ അഹമ്മദ് അല്‍ ഹദ്ദാബി പറഞ്ഞു. ഇറ്റലിയിലേക്കുള്ള യാത്രികരുടെ എണ്ണത്തില്‍ 62.3 ശതമാനം വര്‍ധനയും ഉണ്ടായിട്ടുണ്ട്. 2016 മാര്‍ച്ചില്‍ അബൂദബി വിമാനത്താവളത്തിലൂടെ കടന്നുപോയവരുടെ എണ്ണം 20 ലക്ഷം കടന്നു. 2015 മാര്‍ച്ചില്‍ 19.17 ലക്ഷം പേരാണ് കടന്നുപോയതെങ്കില്‍ കഴിഞ്ഞ മാസം 20.25 ലക്ഷമായി ഉയരുകയായിരുന്നു.