വിസ പുതുക്കുന്നതിന് അനുമതിപത്രം; കുവൈത്തിലെ മലയാളികൾ ഉൾപ്പെടെയുള്ള എൻജിനീയർ ബിരുദധാരികൾ പ്രതിസന്ധിയില്‍
പുതിയ നിബന്ധന മൂലം നിരവധി പേർക്ക് ഇഖാമ പുതുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്
വിസ പുതുക്കുന്നതിന് എഞ്ചിനീയേഴ്സ് സൊസൈറ്റിയുടെ അനുമതി പത്രം വേണമെന്ന നിബന്ധന വച്ചതോടെ കുവൈത്തിലെ മലയാളികൾ ഉൾപ്പെടെയുള്ള എൻജിനീയർ ബിരുദധാരികൾ പ്രതിസന്ധിയില്‍ . പുതിയ നിബന്ധന മൂലം നിരവധി പേർക്ക് ഇഖാമ പുതുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാർ എംബസിയോട് അഭ്യർഥിച്ചു.
യോഗ്യത ഉറപ്പാക്കുന്നതിനാണ് എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിനു മാൻപവർ അതോറിറ്റി പുതിയ നിബന്ധന വച്ചത് . എൻജിനീയേഴ്സ് സൊസൈറ്റിയുടെ എൻഒസി വേണമെന്നാണ് നിബന്ധന. കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയിലെ അംഗത്വ കാർഡോ അവർ നൽകുന്ന എൻ.ഒ.സിയോ സമർപ്പിച്ചാൽ മാത്രം എൻജിനീയറിങ് വിസ പുതുക്കിക്കൊടുത്താൽ മതിയെന്നാണ് തീരുമാനം. എൻജിനീയറിങ് ബിരുദം നേടിയ കോളജിന്റെ അംഗീകാരവും ഗ്രേഡും ഉൾപ്പെടെ പരിഗണിച്ച് മാത്രമാണ് എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്. ഇന്ത്യയിൽ നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം അടിസ്ഥാനമാക്കിയാണ് എൻ.ഒ.സി നൽകുന്നത്.
കേരളത്തിൽനിന്ന് 18 കോളജുകൾ മാത്രമാണ് ലിസ്റ്റിലുള്ളത്. നൂറിലേറെ വരുന്ന അഫിലിയേറ്റഡ് കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയ എൻജിനീയർമാർ അംഗീകാരമില്ലാത്തവരായി വിസ പുതുക്കാനാവാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമാണ് നാക് അക്രഡിറ്റേഷൻ ഉള്ള കോളേജുകൾ പോലും മതിയാവില്ല എന്നതാണ് അവസ്ഥ. കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിന് പരീക്ഷയുൾപ്പെടെ കടുത്ത നിബന്ധനകളുമുണ്ട്. 70 ദീനാറാണ് പരീക്ഷാ ഫീസ്. പ്രതിവർഷം 20 ദീനാർ അംഗത്വം പുതുക്കാൻ നൽകണം. സബ്സ്ക്രിപ്ഷൻ ഫീസായി 30 ദീനാർ വേറെയും നൽകണം. കഴിഞ്ഞ ദിവസങ്ങളിലെ എൻജിനീയേഴ്സ് സൊസൈറ്റി ആസ്ഥാനത്ത് വൻ തിരക്കാണ് അനുഭവപ്പെട്ടത്. കമ്പനികൾ എൻജിനീയർമാരോട് അടിയന്തരമായി എൻജിനീയേഴ്സ് സൊസൈാറ്റിയിൽ രജിസ്റ്റർ ചെയ്യാനും അംഗത്വം പുതുക്കാത്തവരോട് പുതുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.