ഖത്തറില്‍ ഈ വര്‍ഷം ഇതുവരെ 161 ഇന്ത്യക്കാര്‍ മരിച്ചതായി എംബസി
ഹൃദയാഘാതം , അപകടങ്ങള്‍ എന്നിവക്കു പുറമെ ആത്മഹത്യാ കേസുകളും ഈ വര്‍ഷം കൂടുതലായി റിപ്പാര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
ഖത്തറില്‍ ഈ വര്‍ഷം ഇതുവരെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 161 ആണെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഹൃദയാഘാതം , അപകടങ്ങള്‍ എന്നിവക്കു പുറമെ ആത്മഹത്യാ കേസുകളും ഈ വര്‍ഷം കൂടുതലായി റിപ്പാര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ എംബസി അങ്കണത്തില്‍ നടന്ന ഓപ്പണ്‍ ഹൗസിനുശേഷം നല്‍കിയ എംബസി പത്രക്കുറിപ്പിലാണ് കണക്കുകള്‍ പുറത്തു വിട്ടത്.
ഖത്തറില്‍ ഇന്ത്യക്കാര്‍ മരിക്കുന്ന സംഭവങ്ങളില്‍ അധികവും ഹൃദയാഘാതം മൂലമാണെന്ന് സമീപകാലത്തെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇതിനുപുറമെ വാഹനാപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും സമീപകാലത്ത് നിരവധി ഇന്ത്യക്കാര്‍ ഇതിനകം രാജ്യത്ത് മരിക്കാനിടയായി . ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ പ്രവാസികളില്‍ 161 പേര്‍ രാജ്യത്ത് മരിച്ചതായാണ് എംബസി ഓപ്പണ്‍ ഹൗസിനു ശേഷം നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നത് . മുന്‍ കാലങ്ങളെ അപേക്ഷിച്ച് ആത്മഹത്യാ നിരക്കും ഇന്ത്യക്കാര്‍ക്കിടയില്‍ കൂടിയിട്ടുണ്ട് . ബാങ്ക ബാധ്യതകളും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം ജീവനൊടുക്കിയവരും കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരും കൂട്ടത്തിലുണ്ട്. ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് എംബസിയുടെ ലേബര്‍ ആന്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ വിഭാഗത്തില്‍ ഈ വര്‍ഷം ഇതിനകം 2419 തൊഴില്‍ പരാതികളാണ് ലഭിച്ചത്. മുന്‍വര്‍ഷം ആകെ 4132 പരാതികള്‍ ലഭിച്ചിരുന്നു. ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ 133 ഇന്ത്യക്കാര്‍ തടവുകാരായി കഴിയുന്നതായും നാടുകടത്തല്‍ കേന്ദ്രത്തില്‍ 100 ഇന്ത്യക്കാര്‍ മടക്കയാത്ര കാത്ത് കഴിയുന്നതായും എംബസി വൃത്തങ്ങള്‍ പറഞ്ഞു. ഇവരില്‍ 15 പേര്‍ക്ക് ജൂലൈ മാസത്തില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകല്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി കെട്ടിടം ഉനൈസയിലെ പുതിയ കേന്ദ്രത്തിലേക്ക് മാറിയതിനു ശേഷം നടന്ന ആദ്യ ഓപ്പണ്‍ ഹൗസിനുശേഷമാണ് അധികൃതര്‍ ഈ കണക്കുകള്‍ പുറത്തു വിട്ടത്