നാളെ മുതല്‍ സൗദിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ചെലവേറും; പ്രവാസികള്‍ക്ക് തിരിച്ചടി
ഹിജ്റ പുതുവര്‍ഷം നാളെ ആരംഭിക്കുമ്പോള്‍ സൗദി മന്ത്രിസഭയുടെ അംഗീകാരമനുസരിച്ച് നടപ്പാക്കുന്ന വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധനവും പ്രാബല്യത്തില്‍ വരും.
ഹിജ്റ പുതുവര്‍ഷം നാളെ ആരംഭിക്കുമ്പോള്‍ സൗദി മന്ത്രിസഭയുടെ അംഗീകാരമനുസരിച്ച് നടപ്പാക്കുന്ന വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധനവും പ്രാബല്യത്തില്‍ വരും. ഇതില്‍ മിക്കതും രാജ്യത്തെ വിദേശികളെ നേരിട്ട് ബാധിക്കുന്നതാണ്. സന്ദര്‍ശന വിസ, റീ-എന്‍ട്രി, ഹജ്ജ്, ഉംറ വിസ എന്നിവക്ക് ഏര്‍പ്പെടുത്തിയ വര്‍ധനവും ഏഴ് ഇനങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്ന സബ്സിഡി പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള വര്‍ധനവുമാണ് പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരിക.
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) ഏര്‍പ്പെടുത്തിയ വര്‍ധനവ് ശനിയാഴ്ച അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വരുമെന്ന് ജവാസാത്ത് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്യ വ്യക്തമാക്കി. വിദേശികളുടെ റി-എന്‍ട്രിക്ക് 200ന് പകരം മാസത്തില്‍ 100 റിയാല്‍ എന്ന നിരക്ക് പ്രാബല്യത്തില്‍ വരുമ്പോള്‍ ഉദ്ദേശിക്കുന്നവര്‍ക്കൊക്കെ ആറ് മാസത്തിലധികം റി-എന്‍ട്രി ലഭിക്കാനും സൗകര്യമുണ്ടായിരിക്കും. ഇഖാമ കാലാവധിയുള്ള അത്രയും കാലം ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും റീ-എന്‍ട്രി നല്‍കാനാണ് ജവാസാത്ത് തീരുമാനിച്ചിട്ടുള്ളതെന്ന് അല്‍യഹ്യ കൂട്ടിച്ചേര്‍ത്തു. പുതുക്കിയ നിരക്കനുസരിച്ച് ഇലക്ട്രോണിക് സംവിധാനത്തില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് കുടുംബങ്ങള്‍ക്ക് മാത്രമാണ് ആറ് മാസത്തിലധികം കാലാവധിയുള്ള റീ-എന്‍ട്രി അനുവദിച്ചിരുന്നത്. എന്നാല്‍ നിരക്ക് വര്‍ധനവിന്റെ സാഹചര്യത്തില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.
500 റിയാല്‍ ഫീസുള്ള മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രിക്ക് മുമ്പത്തെ ആറ് മാസത്തിന് പകരം മൂന്ന് മാസത്തെ കാലാവധിയാണ് അനുവദിക്കുക. അധികം ആവശ്യമുള്ള ഓരോ മാസത്തിനും 200 റിയാല്‍ വീതം നല്‍കണം. ആവര്‍ത്തിച്ചു ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്ക് 2,000 റിയാല്‍ വിസ ഫീസും ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശത്തുനിന്ന് ഹജ്ജിനും ഉംറക്കുമെത്തുന്നവരുടെ പാക്കേജ് നിരക്ക് ഗണ്യമായി വര്‍ധിക്കാന്‍ ഇത് കാരണമാവും. സാധാരണ സന്ദര്‍ശന വിസക്ക് 2,000 റിയാല്‍ ഈടാക്കുമ്പോള്‍ ആറ് മാസത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുള്ള സന്ദര്‍ശന വിസക്ക് 3,000 റിയാല്‍ ഫീസ് നല്‍കണം. ഒരു വര്‍ഷത്തെ കാലാവധിക്ക് 5,000 റിയാല്‍, രണ്ട് വര്‍ഷത്തെ കാലാവധിയുള്ളതിന് 8,000 റിയാല്‍ എന്നിങ്ങിനെയാണ് പുതിയ നിയമത്തിലെ ഫീസ് നിരക്ക്.
കൂടാരെ ഏതാനും സേവനങ്ങള്‍ക്ക് വര്‍ഷങ്ങളോളമായി സര്‍ക്കാര്‍ നല്‍കിവരുന്ന സബ്‍സിഡിയും നിര്‍ത്തലാക്കും. വാഹന റജിസ്ട്രേഷന്‍ ഫീസ്, വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള ഫീസ്, ട്രാഫിക് പിഴകള്‍, വീട്ടുവേലക്കാരുടെ ഇഖാമ എടുക്കലും പുതുക്കലും, 193 ഇനങ്ങളുടെ കസ്റ്റംസ് തീരുവ, കപ്പല്‍ തുറമുഖ ഫീസ്, സ്വദേശികളുടെ പാസ്പോര്‍ട്ട് ഫീസ് എന്നിവക്ക് സര്‍ക്കര്‍ നല്‍കി വന്ന 50 ശതമാനം സബ്സിഡി എടുത്തുകളയുന്നതോടെ ഇത്തരം സേവനങ്ങളുടെ നിരക്ക് ഇരട്ടിയായി വര്‍ധിക്കും. മൂന്ന് വര്‍ഷം മുമ്പ് സൗദി മന്ത്രിസഭ തീരുമാനപ്രകാരം ഏര്‍പ്പെടുത്തിയ ഇളവിന്റെ ആനുകൂല്യം പുതിയ ഹിജ്റ വര്‍ഷത്തില്‍ തുടരില്ല എന്നതിനാലാണ് നിരക്ക് വര്‍ധിക്കുന്നത്.
രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവനങ്ങളുടെ ഫീസ് വര്‍ധനവും സബ്‍സിഡി പിന്‍വലിക്കലും നടപ്പാക്കുന്നത്.