റുഫൈസ അണക്കെട്ടില്‍ വീണ്ടും ജലസമൃദ്ധി
വരണ്ട അണക്കെട്ടില്‍ വെള്ളം നിറഞ്ഞത് ഒരു പ്രദേശത്തിന്‍റെ മുഴുവന്‍ ഉത്സവമായി മാറുകയാണ് യുഎഇയില്‍.
വരണ്ട അണക്കെട്ടില്‍ വെള്ളം നിറഞ്ഞത് ഒരു പ്രദേശത്തിന്‍റെ മുഴുവന്‍ ഉത്സവമായി മാറുകയാണ് യുഎഇയില്‍. രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശമായ ഖോര്‍ഫുകാനില്‍ വാദി ഷീയിലുള്ള റുഫൈസ അണക്കെട്ടാണ് വീണ്ടും ജലസമൃദ്ധിയില്‍ തുടിക്കുന്നത്.
വെള്ളം നിറഞ്ഞ റുഫൈസ അണക്കെട്ട് പരിസരവാസികള്‍ക്ക് നല്‍കുന്ന ആഹ്ളാദം ചെറുതല്ല. കുറെ കാലമായി വെള്ളത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഈ അണക്കെട്ട്. 1994ലും 1996ലും നിറഞ്ഞു കവിഞ്ഞ ഡാമായിരുന്നു ഇത്. പിന്നീട് വരള്‍ച്ചയുടെ ദുരന്തചിത്രമായി ഡാം മാറി. കിഴക്കന്‍ മേഖലയിലെ മാറിയ കാലാവസ്ഥയാണ് ഡാമിന് ഗുണം ചെയ്തത്.
മുമ്പൊക്കെ വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമായിരുന്നു റുഫൈസ ഡാം. ഖോര്‍ഫക്കാനിലെ ഭൂഗര്‍ഭ ജലം നിലനിര്‍ത്തുന്നതില്‍ അണക്കെട്ട് വലിയ പങ്കുവഹിക്കുകയും ചെയ്തു. ഡാം വറ്റിത്തുടങ്ങിയതോടെ ജലലഭ്യത കുറഞ്ഞു. ഏറെ സന്തോഷത്തോടെയാണ് സ്വദേശികള്‍ അണക്കെട്ട് കാണാന്‍ എത്തുന്നത്.
കൂടുതല്‍ വെള്ളം വന്നത്തുമെന്നതിനാല്‍ നഗരസഭ ജീവനക്കാര്‍ സ്പില്‍ വേയിലെ ഷട്ടര്‍ തുറക്കാനുള്ള തയാറെടുപ്പിലാണ്. ഖോര്‍ഫക്കാന്‍ ഡാമിന്‍റെ പരിസരത്തുകൂടി മസാഫിക്കടുത്തുള്ള ദഫ്തയില്‍ എത്തിച്ചേരുന്ന റോഡ് തുറന്നത് സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യമായി. വരള്‍ച്ചയുടെ കെടുതിയില്‍ നിന്ന് പ്രദേശം മുക്തമാവുന്നതില്‍ കര്‍ഷകരും സന്തോഷത്തിലാണ്.