യുഎഇ 2020 എക്സ്‍പോയില്‍ പങ്കെടുക്കാന്‍ സ്വിറ്റ്‍സര്‍ലന്‍ഡ്

Update: 2018-05-20 11:52 GMT
Editor : admin
യുഎഇ 2020 എക്സ്‍പോയില്‍ പങ്കെടുക്കാന്‍ സ്വിറ്റ്‍സര്‍ലന്‍ഡ്
Advertising

യുഎഇയുടെ വികസന കുതിപ്പിന് കരുത്തേകുമെന്ന് കരുതുന്ന എക്സ്പോ 2020യില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച കരാറില്‍ സ്വിറ്റ്സര്‍ലാന്‍റ് ഒപ്പിട്ടു.

യുഎഇയുടെ വികസന കുതിപ്പിന് കരുത്തേകുമെന്ന് കരുതുന്ന എക്സ്പോ 2020യില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച കരാറില്‍ സ്വിറ്റ്സര്‍ലാന്‍റ് ഒപ്പിട്ടു. എക്സ്പോ 2020 ദുബൈ ഹയര്‍കമ്മിറ്റി ചെയര്‍മാനും ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി- എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂമും യുഎഇയിലെ സ്വിറ്റ്സര്‍ലന്‍ഡ് അംബാസഡര്‍ മയ ടിസാഫിയും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്.

എക്സ്പോയില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായി താല്‍പര്യം പ്രകടിപ്പിക്കുന്ന ആദ്യ രാജ്യം കൂടിയായി സ്വിറ്റ്സര്‍ലന്‍ഡ് മാറി. എക്സ്പോ 2020 ല്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ കഴിഞ്ഞയാഴ്ചയാണ് തീരുമാനമെടുത്തത്. 5.7 കോടി ദിര്‍ഹം ചെലവില്‍ എക്സ്പോ വേദിയില്‍ സ്വിസ് പവലിയന്‍ നിര്‍മിക്കാനും അനുമതി നല്‍കി. ഗള്‍ഫ് മേഖലയിലെ പ്രമുഖ സാമ്പത്തിക- രാഷ്ട്രീയ ശക്തിയായ യുഎഇയില്‍ നടക്കുന്ന എക്സ്പോയില്‍ പങ്കെടുക്കുന്നത് സ്വിറ്റ്സര്‍ലന്‍ഡിന് പുത്തന്‍ അവസരങ്ങള്‍ തുറക്കുമെന്ന് ഫെഡറല്‍ കൗണ്‍സില്‍ വിലയിരുത്തി. പുനരുപയോഗ ഊര്‍ജം, ഗതാഗതം, പരിസ്ഥിതി മേഖലകളില്‍ നവീന പദ്ധതികള്‍ക്ക് എക്സ്പോ വഴിയൊരുക്കുമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വേള്‍ഡ് എക്സ്പോ സംഘാടകരായ ബ്യൂറോ ഇന്റര്‍നാഷണല്‍ ദസ് എക്സ്പോസിഷന്‍സിന്റെ സ്ഥാപക അംഗമായ സ്വിറ്റ്സര്‍ലന്‍ഡ് ഇതുവരെ നടന്ന പ്രധാന എക്സ്പോകളിലെല്ലാം പങ്കെടുത്തിട്ടുണ്ട്.

മികച്ച ഭാവി സൃഷ്ടിക്കാനുള്ള ഒത്തുചേരലായ എക്സ്പോയില്‍ സ്വിറ്റ്സര്‍ലന്‍ഡ് പങ്കെടുക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്ന് ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. എക്സ്പോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതിലൂടെ യുഎഇയും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലുള്ള ബന്ധം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വിസ് അംബാസഡര്‍ മയ ടിസാഫി അഭിപ്രായപ്പെട്ടു. 2020 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെയാണ് എക്സ്പോക്ക് ദുബൈ ആതിഥ്യം വഹിക്കുന്നത്. 180ഓളം രാജ്യങ്ങള്‍ എക്സ്പോയില്‍ പങ്കെടുക്കും. 2.5 കോടി സന്ദര്‍ശകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News