ഹൂതികള്‍ക്ക് നേരെ ആക്രമണം ശക്തമാക്കി സൌദി സഖ്യസേന
ഒരാഴ്ചക്കിടെ നൂറിലേറെ ഹൂതികളാണ് സഖ്യസേനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്
യമനില്‍ ഹൂതികള്‍ക്ക് നേരെ ആക്രമണം ശക്തമാക്കി സൌദി സഖ്യസേന. ഒരാഴ്ചക്കിടെ നൂറിലേറെ ഹൂതികളാണ് സഖ്യസേനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. തലസ്ഥാനമായ സന്‍ആക്ക് സമീപം സൌദി സഖ്യസേനയുടെ മുന്നേറ്റം തുടരുകയാണ്.
യമൻ ഔദ്യോഗിക സർക്കാരിനാണ് അറബ്സഖ്യസേനാ പിന്തുണ. ഇവര്‍ക്കെതിരെ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണ് ഹൂതികള്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ വൻ ആൾനാശമാണ് ഹൂതികള്‍ക്കുണ്ടായത്. ഔദ്യോഗിക സൈന്യവുമായുള്ള സംഘർഷങ്ങളിൽ നൂറിലേറെ ഹൂതികൾ ഈ കാലയളവിൽ കൊല്ലപ്പെട്ടു. 34 പ്രമുഖർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിയിലായി. സഅദ പ്രവിശ്യയിലെ കതഫുൽ ബഖീയിലെ സൈനിക നടപടിയിലാണ് ഏറെപേരും കൊല്ലപ്പെട്ടത്. ഇവിടെ മരിച്ചവരിൽ ഹൂതികളുടെ നാലുഫീൽഡ് കമാൻഡർമാരും ഉൾപ്പെടുന്നു. അതിൽ മൂന്നുപേരുടെയും ശരീരം യമനി സൈന്യം കണ്ടെടുത്തിട്ടുണ്ട്. മുഹമ്മദ് ഹസ്സൻ ഔഫാൻ, സാലിഹ് മുഹമ്മദ് സഅദ് അൽ റുബാഇ, സലാഹുദ്ദീൻ മുഹമ്മദ് നാസർ സെയ്ലാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൂതികളുടെ ശക്തികേന്ദ്രമായ സഅദയിലെ കതഫുൽ ബഖീയിൽ സൈനിക നടപടി ആരംഭിച്ചത്. ഇടക്കിടെ സൗദിയിലേക്ക് അവർ ബാലിസ്റ്റിക് മിസൈൽ തൊടുക്കുന്നതും ഇവിടെ നിന്നാണ്. ഇന്നലെ നജ്റാനിലേക്ക് വന്ന മിസൈലും ഇവിടെ നിന്നാണ് തൊടുത്തതെന്ന് സഖ്യസേന സ്ഥിരീകരിച്ചിട്ടുണ്ട്. ഹൂതി നിയന്ത്രണത്തിലുള്ള സന്‍ആക്ക് സമീപത്തും മുന്നേറുന്നുണ്ട് യമന്‍ സൈന്യം.