സന്ദര്‍ശകരെ ആകര്‍ഷിച്ച് ഗ്ലോബല്‍ വില്ലേജ്
അനുകൂല കാലാവസ്ഥയും മെച്ചപ്പെട്ട സൌകര്യങ്ങളുമാണ് എല്ലാവരെയും ഇവിടുത്തേക്ക് ആകര്‍ഷിക്കുന്നത്
വിനോദ പരിപാടികളും ഷോപ്പിങ്ങും സമന്വയിക്കുന്ന ഗ്ലോബൽ വില്ലേജിലേക്ക് ഓരോ ദിവസവും എത്തുന്നത് നിരവധി പേരാണ്. അനുകൂല കാലാവസ്ഥയും മെച്ചപ്പെട്ട സൌകര്യങ്ങളുമാണ് എല്ലാവരെയും ഇവിടുത്തേക്ക് ആകര്‍ഷിക്കുന്നത്. രണ്ട് മാസത്തിനിടെ 24 ലക്ഷം പേരാണ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിച്ചത്.
വിനോദ പരിപാടികളും ഷോപ്പിങ്ങും സമന്വയിക്കുന്ന ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകപ്രവാഹം. അനുകൂല കാലാവസ്ഥയും മെച്ചപ്പെട്ട സൗകര്യങ്ങളും നഗരവാസികളുടെയും വിനോദ സഞ്ചാരികളുടെയും ഏറ്റവും മികച്ച കേന്ദ്രമാക്കി ഗ്ലോബൽ വില്ലേജിനെ മാറ്റുകയാണ്. നവംബർ ഒന്നിനാണ് ആഗോള ഗ്രാമത്തിന്റെ പുതിയ സീസൺ ആരംഭിച്ചത്. രണ്ട് മാസത്തിനുള്ളിൽ 24 ലക്ഷത്തിലേറെ പേരാണ് ഇവിടെ എത്തിച്ചേർന്നത്. സന്ദർശകരുടെ വരവ് മാറ്റമില്ലാതെ തുടരുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാ സാംസ്കാരിക പ്രവർത്തകരും വ്യാപാരികളും പങ്കെടുക്കുന്ന മേള ഏപ്രിൽ ആദ്യവാരം വരെ നീണ്ടുനിൽക്കും.
ലോക കലകള്‍ ആസ്വദിക്കാനും ഭക്ഷണം നുകരാനും ഉത്പന്നങ്ങൾ സ്വന്തമാക്കാനും മികച്ച അവസരമായാണ് എല്ലാവരും ഗ്ലോബൽ വില്ലേജിനെ നോക്കി കാണുന്നത്. മലയാളികളടക്കം നൂറുകണക്കിനാളുകളാണ് നിത്യം ആഗോളഗ്രാമത്തിലെത്തുന്നത്. കൾച്ചറൽ സ്ക്വയർ, ഗ്ലോബൽ വില്ലേജ് ബൊൾവാർഡ് എന്നിങ്ങനെയുള്ള പുതിയ ആകർഷണങ്ങൾക്കും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. സന്ദർശകരുടെ എണ്ണം വർധിച്ചതിൽ സംഘാടകരും ആഹ്ലാദത്തിലാണ്. ഇന്ത്യ ഉൾപ്പെടെ പ്രധാന രാജ്യങ്ങളുടെ പവലിയനുകളും ഏറെ സജീവമാണ്.