റമദാന്‍ പ്രഭാഷണങ്ങള്‍ക്ക് നിരവധി മതപണ്ഡിതര്‍ യു.എ.ഇയിലെത്തി

Update: 2018-05-21 15:30 GMT
Editor : admin
റമദാന്‍ പ്രഭാഷണങ്ങള്‍ക്ക് നിരവധി മതപണ്ഡിതര്‍ യു.എ.ഇയിലെത്തി
Advertising

ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നും നൂറുകണക്കിന് മതപണ്ഡിതരെയാണ് സര്‍ക്കാര്‍ ഒൗദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്.

റമദാന്‍ പ്രഭാഷണ പരിപാടികള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി മതപണ്ഡിതര്‍ യു.എ.ഇയിലെത്തി. വിദേശികളായ ലക്ഷങ്ങള്‍ക്ക് കൂടി ഉപകരിക്കുമാറ് എല്ലാ ഭാഷകളിലും റമദാന്‍ പ്രഭാഷണ പരിപാടികള്‍ക്ക് അവസരം ഒരുക്കുന്നു എന്നതാണ് യു.എ.ഇയുടെ പ്രത്യേകത.

ദുബൈ, അബൂദബി ഉള്‍പ്പെടെ യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ഇത് മത പ്രഭാഷണ പരിപാടികളുടെ കൂടി റമദാന്‍. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നും നൂറുകണക്കിന് മതപണ്ഡിതരെയാണ് സര്‍ക്കാര്‍ ഒൗദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഇവര്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കി.

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് സമിതി, ദുബൈ മതകാര്യവകുപ്പ് എന്നിവക്കു കീഴില്‍ നടക്കുന്ന റമദാന്‍ പ്രഭാഷണ പരിപാടികളില്‍ പങ്കെടുക്കാനും അമ്പതിലേറെ പണ്ഡിതരാണ് എത്തിയിരിക്കുന്നത്. ദുബൈ അല്‍ഖവാനീജില്‍ പ്രത്യേകം സജ്ജമാക്കിയ 15,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തമ്പില്‍ വിവിധ ലോക ഭാഷകളില്‍ പ്രമുഖ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ക്കും തുടക്കമായി.

ശൈഖ് അബ്ദുല്ലത്തീഫ് ആലുശൈഖ്, ശൈഖ് സ്വാലിഹ് അല്‍ മഗാംസി, ശൈഖ് സുലൈമാന്‍ അല്‍റുഹൈലി, ശൈഖ് ഉസ്മാന്‍ അല്‍ഖമീസ്, ശൈഖ് ഫൈസല്‍ അല്‍ഹാഷിമി, ശൈഖ് ഖാലിദ് അല്‍ഗുഫൈലി, ശൈഖ് വസീം യൂസുഫ്, ശൈഖ് ഖാലിദ് ഇസ്മാഈല്‍, ശൈഖ് അബ്ദുല്ലാ അല്‍കമാലി തുടങ്ങിയ അറബ് ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാരും ശൈഖ് മുഫ്തി ഇസ്മാഈല്‍ മെങ്ക്, ശൈഖ് സഫറുല്‍ ഹസന്‍ മദനി, ശൈഖ് തൗഫീഖ് ചൗധരി, അഹ്മദ് ഹാമിദ്, ശൈഖ് അര്‍ഷദ് മദനി, തുടങ്ങിയ പണ്ഡിതന്മാരും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. എം.എം. അക്ബര്‍, ചുഴലി അബ്ദുല്ല മൗലവി എന്നിവരുടെ മലയാള പ്രഭാഷണവും ദുബൈ അല്‍ഖവാനീജിലെ വേദിയില്‍ നടത്തും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News