കുവൈത്ത് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ: ഇന്ത്യാ ഗവൺമെന്‍റ് ഇടപെടണമെന്ന് സേവ് ഐസിഎസ്കെ ആക്ഷൻ കമ്മിറ്റി
കുവൈത്ത് ഇന്ത്യക്കാരുടെ പൊതു വിദ്യാലയമായ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പുതിയ സംഭവ വികാസങ്ങളിൽ ഇന്ത്യൻ സമൂഹത്തിനുള്ള ആശങ്ക പ്രധാന മന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരെ അറിയിക്കാനാണ് ആക്ഷൻ കമ്മിറ്റി തീരുമാനം
കുവൈത്ത് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ വിഷയത്തിൽ ഇന്ത്യാ ഗവൺമെന്‍റിന്‍റെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് സേവ് ഐസിഎസ്കെ ആക്ഷൻ കമ്മിറ്റി . വിഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഇന്നലെ അബ്ബാസിയയിൽ ചേർന്ന പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഐസിഎസ്കെ ആക്ഷൻ കമ്മിറ്റി എന്ന കൂട്ടായ്മ രൂപീകൃതമായത്. കുവൈത്ത് ഇന്ത്യക്കാരുടെ പൊതു വിദ്യാലയമായ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പുതിയ സംഭവ വികാസങ്ങളിൽ ഇന്ത്യൻ സമൂഹത്തിനുള്ള ആശങ്ക പ്രധാന മന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരെ അറിയിക്കാനാണ് ആക്ഷൻ കമ്മിറ്റി തീരുമാനം. സ്കൂൾ വിഷയത്തിൽ ഇന്ത്യൻ സ്ഥാനപതിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും സ്കൂൾ ഭരണസമിതി ജനാധിപത്യ രീതിയിൽ പുനഃസ്ഥാപിക്കണമെന്നും ആക്ഷൻ കമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.
പുറത്താക്കപ്പെട്ട ഭരണ സമിതിയുടെ കാലത്ത് നടന്ന സാമ്പത്തിക ഇടപാടുകളിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തണം. എംബസിയുടെ മേൽനോട്ടത്തിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിയെ സ്കൂൾ നടത്തിപ്പ് ഏല്‍പ്പിക്കണം എന്നീ ആവശ്യങ്ങളും മെമ്മോറാൻഡത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട് . നിവേദനത്തിനു ഇന്ത്യൻ സമൂഹത്തിന്‍റെ പൂർണ പിന്തുണ ഉറപ്പാക്കുന്നതിനായി സേവ് ഐസിഎസ്കെ ഡോട്ട് കോം എന്ന പേരിൽ വെബ് സൈറ്റിന് രൂപം നല്‍കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഇതേ വിഷയത്തിൽ ബുധനാഴ്ച ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്താനും യോഗം തീരുമാനിച്ചു തോമസ് മാത്യു കടവിലാണ് ആക്ഷൻകമിറ്റി കണ്വീനർ ചെസ്സിൽ രാമപുരം, സഗീർ തൃക്കരിപ്പൂർ, ബഷീർ ബാത്ത ഫൈസൽ മഞ്ചേരി, ജോയ് മുണ്ടക്കാട്, ജോയ് ജോൺ, ജേക്കബ് ചണ്ണപ്പേട്ട അൻവർ സയീദ് ശരീഫ് പി ടി തുടങ്ങി 15 അംഗ നിർവാഹക സമിതിയേയും യോഗം തെരഞ്ഞെടുത്തു.