എമിറേറ്റ്സ്​ ബസ്​ സർവീസ്​ നിർത്തുന്നു; അബൂദബി, അൽ​ഐൻ യാത്രക്കാർക്ക്​ തിരിച്ചടി

Update: 2018-05-22 10:21 GMT
Advertising

മേയ്​ 15 മുതലാണ്​ ബസ്​ സർവീസ്​ അവസാനിപ്പിക്കുക

ദുബൈയിൽ നിന്ന്​ അബൂദബി, അൽഐന്‍ എന്നിവിടങ്ങളിലേക്ക്​ എമിറേറ്റ്സ്​ നടത്തിയിരുന്ന ബസ്​ സർവീസ്​ നിർത്തുന്നു. മേയ്​ 15 മുതലാണ്​ ബസ്​ സർവീസ്​ അവസാനിപ്പിക്കുക. നേരത്തെ ബുക്ക്​ ചെയ്തവർക്ക്​ ബദൽ സംവിധാനം ഏർപ്പെടുത്തും.

മേയ്​ 15നോ തുടർന്നുള്ള തിയതികളിലോ ഫസ്റ്റ്​ ക്ലാസ്​, ബിസിനസ്​ ക്ലാസ്​ ബസ്​ ടിക്കറ്റുകൾ ബുക്ക്​ ചെയ്ത യാത്രക്കാരെ എമിറേറ്റ്സിന്റെ ടാക്സി കാറിൽ ലക്ഷ്യസ്​ഥാനത്ത്​ എത്തിക്കും. എന്നാൽ, ഇക്കോണമി ക്ലാസ്​ ടിക്കറ്റ്​ ബുക്ക്​ ചെയ്​തവർ ടിക്കറ്റ്​ റീ ഇഷ്യൂ ചെയ്യാൻ ബുക്കിങ്​ ഓഫീസുകളുമായി ബന്ധപ്പെടണമെന്ന്​ എമിറേറ്റ്​സ്​ അധികൃതർ അറിയിച്ചു. താൽപര്യമുള്ളവർക്ക്​ ടിക്കറ്റ്​ ചാർജ്​ മുഴുവനായി തിരിച്ചു നൽകും. ഇതിനായി emirates.com വെബ്​സൈറ്റിലെ റീഫണ്ട്​ ഫോറത്തിൽ ഓൺലൈനായി അപേക്ഷിക്കണം. എമിറേറ്റസ്​ ബസ്​ സർവീസ്​ നിർത്തുന്നതോടെ അബൂദബി, അൽ​ഐൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ നേരിട്ട്​ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്താനുള്ള സൗകര്യമാണ്​ ഇല്ലാതാകുന്നത്​. ദുബൈ റോഡ്​ട്രാൻസ്പോർട്ട്​ അതോറിറ്റി ബസുകളും അബൂദബി ഗതാഗത വകുപ്പിന്റെ ബസുകളും ദുബൈ ബസ്​ സ്റ്റേഷനിലേക്കും ഇബ്നു ബത്തൂത്ത ബസ്​ സ്റ്റേഷനിലേക്കുമാണ്​ സർവീസ്​ നടത്തുന്നത്​. അവിടെ നിന്ന്​ യാത്രക്കാർ മെട്രോ ട്രെയിനിലോ ടാക്സിയിലോ യാത്ര തുടരേണ്ടി വരും.അബൂദബി ഖാലിദിയ, അൽ​ഐൻ മാളിന്​ സമീപം എന്നിവിടങ്ങളിൽ നിന്ന്​ പുറപ്പെട്ടിരുന്ന എമിറേറ്റസ്​ ബസ്​ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ മൂന്ന്​ വരെ പോയിരുന്നു. അബൂദബിയിൽ നിന്ന്​ ദുബൈയിലേക്കും തിരിച്ചും ആറ്​ വീതം സർവീസുകളും അൽ​ഐനിൽ നിന്ന്​ ദുബൈയിലേക്കും തിരിച്ചും രണ്ട്​ വീതം സർവീസുകളുമാണ്​ എമിറേറ്റ്സ്​ നടത്തിയിരുന്നത്​.

Tags:    

Similar News