സൗദിയിൽ വനിതാ ടാക്സി സർവീസുകൾക്കുള്ള നിയമാവലി പുറത്തുവിട്ടു

Update: 2018-05-22 17:56 GMT
Editor : Jaisy
സൗദിയിൽ വനിതാ ടാക്സി സർവീസുകൾക്കുള്ള നിയമാവലി പുറത്തുവിട്ടു
Advertising

നിയമമനുസരിച്ചു കുറഞ്ഞത് 7 സീറ്റുകളെങ്കിലുമുള്ള വാഹനങ്ങളിൽ മാത്രമേ സ്ത്രീകൾക്ക് ജോലി ചെയ്യാൻ സാധിക്കൂ.

സൗദിയിൽ നിലവിൽ വരുന്ന വനിതാ ടാക്സി സർവീസുകൾക്കുള്ള നിയമാവലി പൊതുഗതാഗത മന്ത്രാലയം പുറത്തുവിട്ടു. നിയമമനുസരിച്ചു കുറഞ്ഞത് 7 സീറ്റുകളെങ്കിലുമുള്ള വാഹനങ്ങളിൽ മാത്രമേ സ്ത്രീകൾക്ക് ജോലി ചെയ്യാൻ സാധിക്കൂ. നിയമം ലംഘിക്കുന്നവർക്ക് അയ്യായിരം റിയാൽ വരെ പിഴ ഈടാക്കും. വനിതാ ടാക്സി സർവീസുകൾ നടത്താൻ രാജ്യത്തെ സ്വദേശികൾക്കു മാത്രമേ അനുവാദം നൽകുന്നുള്ളു.

Full View

അടുത്ത മാസം 24 മുതലാണ് സൗദിയിൽ വനിതാ ഡ്രൈവിങ്ങിനു അനുമതി നൽകിയിരിക്കുന്നത്. അതോടൊപ്പം വനിതാ ടാക്സി സർവീസുകൾ ആരംഭിക്കാനും അനുവാദമുണ്ട്. എന്നാൽ ടാക്സി സർവീസിന് പൊതുഗതാഗത മന്ത്രാലയത്തിന്റെ ചില നിബദ്ധനകൾ കൂടി പാലിക്കേണ്ടതുണ്ട്. ചുരുങ്ങിയത് 7 സീറ്റുകളെങ്കിലും ഉള്ള 5 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത വാഹനങ്ങൾ മാത്രമേ സർവീസിനായി ഉപയോഗിക്കാവൂ. വാഹനത്തിൽ ട്രാക്കിങ് ഉപകരണം, കാശ് അടക്കുന്നതിനുള്ള സംവിധാനം എന്നിവ ഉണ്ടായിരിക്കണം. പുരുഷ യാത്രക്കാരോടൊപ്പം പ്രായപൂർത്തിയായ ഒരു സ്ത്രീയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ വനിതാ ടാക്സിയിൽ യാത്ര ചെയ്യാൻ പറ്റൂ. ഇത് ലംഘിച്ചാൽ ഡ്രൈവർക്കു 5,000 റിയാലായിരിക്കും പിഴ. വിദേശ വനിതകൾ ടാക്സി ഓടിച്ചു പിടിക്കപ്പെട്ടാലും പിഴ 5,000 റിയാലായിരിക്കും. മുന്നിൽ ഡ്രൈവർക്കു സമീപമുള്ള സീറ്റിൽ ആൺകുട്ടികളോ പുരുഷന്മാരോ ഇരിക്കാൻ പാടില്ല. ഇത് ലംഘിച്ചാലുള്ള പിഴ 2,000 റിയാൽ ആയിരിക്കും. കൂടെയുള്ള സ്ത്രീ യാത്രക്കാർ ഇറങ്ങിയതിനു ശേഷം അവശേഷിക്കുന്ന പുരുഷ യാത്രക്കാരെയോ ആൺകുട്ടികളെയോ മാത്രം വാഹനത്തിൽ ഇരുത്തി യാത്ര തുടരാൻ അനുവാദമില്ല. സർവീസിനായി അനുവദിക്കപ്പെട്ട നഗരത്തിനു പുറത്തേക്കു പോവാനുള്ള അനുവാദവുമില്ല. ഇത് ലംഘിച്ചാൽ 500 റിയാൽ പിഴ അടക്കേണ്ടിവരും. ഡ്രൈവർമാർ പകർച്ച വ്യാധികളിൽ നിന്നു മുക്തരായിരിക്കണം. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാവരുത്. നേരത്തെ ക്രിമിനൽ കേസിൽ പെട്ടവരാവരുത് തുടങ്ങിയ കാര്യങ്ങളും നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News