സൗദി സഖ്യരാഷ്ട്രങ്ങള്‍ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പണ്ഡിതന്മാര്‍ക്ക് കുവൈത്തില്‍ വിലക്ക്
നയതന്ത്ര പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടാണ് പണ്ഡിതന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വിശദീകരിച്ചു
സൗദി സഖ്യരാഷ്ട്രങ്ങൾ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയ പണ്ഡിതന്മാർക്ക് കുവൈത്ത് പ്രവേശ വിലക്കേർപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽറായി പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നയതന്ത്ര പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടാണ് പണ്ഡിതന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വിശദീകരിച്ചു.
ഈ ലിസ്റ്റിലുൾപ്പെടാത്തതും എന്നാൽ പ്രവേശ വിലക്കേർപ്പെടുത്തേണ്ടതുമായ പണ്ഡിതന്മാരെ കുറിച്ച വിവരം നൽകണമെന്ന് ഔഖാഫ്- ഇസ്ലാമികകാര്യമന്ത്രാലയത്തോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു . സൗദി,ഭീകരവാദ ബന്ധമോ സംശയമോ ആരോപിക്കപ്പെടുന്ന ശിയാ, സുന്നീ പണ്ഡിതന്മാരെ കുറിച്ച വിവരമാണ് ആവശ്യപ്പെട്ടത്. കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കേണ്ട പണ്ഡിതന്മാരെ കുറിച്ചും വിലക്കേർപ്പെടുത്തേണ്ടവരെ കുറിച്ചും തീരുമാനമെടുക്കുന്നതിന് ഇരു മന്ത്രാലയങ്ങളുടെയും പ്രതിനിധികളടങ്ങുന്ന സംയുക്ത സമിതി രൂപവത്കരിച്ചിട്ടുമുണ്ട്. ഔഖാഫ്- ഇസ്ലാമികകാര്യ മന്ത്രാലയം നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ആഭ്യന്തമന്ത്രാലയം ഇത്തരം ആളുകൾക്കുള്ള വിസ അനുവദിക്കുക. പുതിയ തീരുമാനം അനുസരിച്ച് രാജ്യത്തേക്ക് വരുന്ന വിദേശികളായ പണ്ഡിതന്മാരെ കുറിച്ച പൂർണ വിവരം അധികൃതർക്ക് നൽകേണ്ടിവരും. യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ നാല് രാജ്യങ്ങൾ ചേർന്നാണ് ഖത്തറിലുള്ള പണ്ഡിതന്മാരെയും സംഘടനകളെയും ഭീകര ബന്ധമാരോപിച്ചു കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.