ടോമച്ചന്റെ മോചനത്തിന്​ വഴിയൊരുക്കിയതിന് സുല്‍ത്താന് നന്ദി പറഞ്ഞ് മലയാളികള്‍

Update: 2018-05-23 15:23 GMT
Editor : Jaisy
ടോമച്ചന്റെ മോചനത്തിന്​ വഴിയൊരുക്കിയതിന് സുല്‍ത്താന് നന്ദി പറഞ്ഞ് മലയാളികള്‍
Advertising

അപ്രതീക്ഷിതമായി വന്നെത്തിയ ഈ വാർത്ത ഏറെ സന്തോഷമുളവാക്കുന്നതാണെന്ന്​ പലരും പ്രതികരിച്ചു

ഫാദർ ടോമിന്റെ മോചനത്തിന്​ വഴിയൊരുക്കിയതിന്​ സുൽത്താൻ ഖാബൂസ്​ ബിൻ സഈദിനും ഒമാനും നന്ദി പറഞ്ഞ്​ മലയാളികൾ. അപ്രതീക്ഷിതമായി വന്നെത്തിയ ഈ വാർത്ത ഏറെ സന്തോഷമുളവാക്കുന്നതാണെന്ന്​ പലരും പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളിൽ സുൽത്താന്റെയും ഫാദർ ടോമിന്റെയും ചിത്രങ്ങൾ വെച്ചുള്ള നന്ദിസൂചക പോസ്റ്റുകൾ നിറയുകയാണ്​.

ഒമാനിലെ സാമൂഹിക,സാംസ്കാരിക സംഘടനാ പ്രതിനിധികളും ക്രൈസ്തവ സഭകളുമായി ബന്ധമുള്ളവരുമെല്ലാം ഏറെ ആഹ്ലാദത്തോടെയാണ്​ ​മോചനവാർത്തയെ ശ്രവിച്ചത്​. ഇന്ത്യ ഗവൺമെന്റ് അറച്ചുനിന്നിടത്താണ്​ ഒമാന്റെ ഇടപെടൽ. മുമ്പും തടവിലായവരെ മോചിപ്പിക്കാൻ ഒമാൻ മുൻകൈയെടുത്തിരുന്നു. ഇന്ത്യ ഒമാനോട്​ ഈ വിഷയത്തിൽ നേരത്തേ സഹായം ചോദിക്കേണ്ടതായിരുന്നു. ഒരുഘട്ടത്തിൽ ജീവനോടെയുണ്ടോയെന്ന്​ പോലും സംശയമുണർന്ന ഫാദറിന്റെ മോചനത്തിന്​ സുൽത്താന്റെ അതിശക്തവും മനുഷ്യത്വപരവുമായ ഇടപെടലാണ്​ വഴി ഒരുക്കിയത്. നേരത്തേ ഇറാനിലും നിന്നും യമനിൽ നിന്നും ആളുകളെ മോചിപ്പിക്കുന്നതിൽ ഒമാൻ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്​. സമാധാനശ്രമങ്ങൾക്ക്​ ഒമാൻ എന്നും പ്രാധാന്യം നൽകിയതാണ്​ ഈ നേട്ടങ്ങൾക്ക്​ കാരണം. മോചനത്തിന്റെ ക്രെഡിറ്റ്​ ആർക്കാണെന്നതിനെ ചൊല്ലിയുള്ള വാക്ക്​പോരും സാമൂഹിക മാധ്യമങ്ങളിൽ അരങ്ങുതകർക്കുകയാണ്​. ഈ വിഷയവുമായി ബന്ധപ്പെട്ട ട്രോളുകളും വാട്ട്​സ്​ആപ്പ്​ മെസേജുകളുമായി പ്രവാസികൾക്ക്​ പുറമെ കേരളത്തിൽ നിന്നുള്ളവരും രംഗത്തുണ്ട്​.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News