ദുബൈ ഫിറ്റ്നസ് ചലഞ്ച് നാളെ അവസാനിക്കും
30 ദിവസം 30 മിനിറ്റ് വ്യയാമം ചെയ്യാനാണ് ദുബൈ നിവാസികളോട് കിരീടാവകാശി വെല്ലുവിളി മുന്നോട്ടുവെച്ചത്
ദുബൈ കിരീടാവകാശി മുന്നോട്ടുവെച്ച ദുബൈ ഫിറ്റ്നസ് ചലഞ്ച് നാളെ അവസാനിക്കും. 30 ദിവസം 30 മിനിറ്റ് വ്യയാമം ചെയ്യാനാണ് ദുബൈ നിവാസികളോട് കിരീടാവകാശി വെല്ലുവിളി മുന്നോട്ടുവെച്ചത്. ശനിയാഴ്ച ഫെസ്റ്റിവല്‍ സിറ്റിയിലാണ് ചലഞ്ചിന്റെ സമാപന ചടങ്ങ്.
ലോകത്തെ ഏറ്റവും ഊര്‍ജസ്വലമായ നഗരം എന്ന ലക്ഷ്യമിട്ടാണ് കഴിഞമാസം 20ന് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമിട്ടത്. 30 ദിവസം 30 മിനിറ്റ് മുഴുവന്‍ ദുബൈ നിവാസികളും വ്യായാമത്തിന് രംഗത്തിറങ്ങാനായിരുന്നു വെല്ലുവിളി. ദുബൈയിലെ സ്ഥാപനങ്ങളും വ്യക്തികളും വെല്ലുവിളി ഏറ്റെടുത്തതോടെ കഴിഞ്ഞ 30 ദിവസം നഗരം മുഴുവന്‍ വ്യായാമത്തിന്റെ തിരിക്കിലായിരുന്നു. മിക്ക സ്ഥാപനങ്ങളും ജീവനക്കാര്‍ക്കായി വ്യായാമത്തിനും കായിക പരിശീലനത്തിനുമായി രംഗത്തിറങ്ങി. ഫിറ്റ്നസ് ചലഞ്ചിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്ത് വ്യായാമം ചെയ്യുന്നവരെ തേടി സമ്മാനങ്ങളുമുണ്ടായിരുന്നു. 1500 ലേറെ കായികപരിപാടികളാണ് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ മാത്രം സംഘടിപ്പിച്ചത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചലഞ്ചിന്റെ സമാപനം കുറിക്കാന്‍ നിരവധി കായിക പരിപാടികള്‍ അരങ്ങേറുന്നുണ്ട്. ദുബൈ വനിതാ ഓട്ടമല്‍സരവും വെള്ളിയാഴ്ച നടക്കും. ശനിയാഴ്ച ഫെസ്റ്റിവെല്‍ സിറ്റിയില്‍ കരിമരുന്ന് പ്രയോഗത്തോടെയാണ് ചലഞ്ചിന് ഔദ്യോഗികമായി കൊടിയിറങ്ങുക.