ജിദ്ദയില്‍ നിന്ന് മൂന്ന് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ മുംബൈയിലേക്ക് മടങ്ങി
ഐ.എന്‍.എസ് മുംബൈ, ഐ.എന്‍.എസ് ത്രിശൂല്‍, ഐഎന്‍.എസ് ആദിത്യ എന്നീ മൂന്ന് കപ്പലുകളാണ് കഴിഞ്ഞ ചൊവ്വാഴ്ച ജിദ്ദയുടെ തീരത്തണഞ്ഞത്. പ്രതിരോധ മേഖലയിലെ പരിശീലനവും സഹകരണവും സാങ്കേതിക വിനിമയവും ലക്ഷ്യമിട്ട് ഇന്ത്യ സഊദി നാവിക ബന്ധം ശക്തിപ്പെടുത്താനായിരുന്നു സന്ദര്‍ശനം.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൈനിക ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജിദ്ദയിലെത്തിയ മൂന്ന് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ മുംബൈയിലേക്ക് മടങ്ങി. മിസൈലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ഘടിപ്പിച്ച അത്യാധുനിക യുദ്ധക്കപ്പലുകളാണ് ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് എത്തിയിരുന്നത്.
ഐ.എന്‍.എസ് മുംബൈ, ഐ.എന്‍.എസ് ത്രിശൂല്‍, ഐഎന്‍.എസ് ആദിത്യ എന്നീ മൂന്ന് കപ്പലുകളാണ് കഴിഞ്ഞ ചൊവ്വാഴ്ച ജിദ്ദയുടെ തീരത്തണഞ്ഞത്. പ്രതിരോധ മേഖലയിലെ പരിശീലനവും സഹകരണവും സാങ്കേതിക വിനിമയവും ലക്ഷ്യമിട്ട് ഇന്ത്യ സഊദി നാവിക ബന്ധം ശക്തിപ്പെടുത്താനാണ് സന്ദര്‍ശനം. പത്തു വര്‍ഷത്തോളമായി സഊദിയുമായി നിലനില്‍ക്കുന്ന പരിശീലന, സൈനിക സഹകരണം ശക്തമായി തുടരുമെന്ന് ഐ.എന്‍.എസ് ത്രിശൂലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഡ്മിറല്‍ ആര്‍.ബി പണ്ഡിറ്റ് പറഞ്ഞു. കടല്‍ കൊള്ളക്കാരെ നേരിടുന്നതിനും ഇതര മേഖലകളിലും ഇരു രാജ്യങ്ങളിലെയും നാവിക സേന സഹകരണത്തോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ കേന്ദ്രീകരിച്ചുള്ള ഇന്ത്യന്‍ നേവിയുടെ വെസ്‌റ്റേണ്‍ നേവല്‍ കമാന്റ് ആണ് സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി നാവിക സേന അത്താഴ വിരുന്നും ഒരുക്കിയിരുന്നു. സൗദി റോയല്‍ നേവിയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്കും കപ്പല്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി സൗദി നാവിക സേനയിലെ നിരവധി അംഗങ്ങള്‍ ഇന്ത്യയില്‍ പരിശീലനം നേടിയതായും അഡ്മിറല്‍ പണ്ഡിറ്റ് പറഞ്ഞു. അംബാസഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, ഡിഫന്‍സ് അറ്റാഷെ കേണല്‍ മനീഷ് നാഗ്പാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.