റിനൈസന്‍സ് ബുക്സിലൂടെ സ്വന്തം പുസ്തകങ്ങളുമായി അഡ്വ. മുഈനുദ്ദീന്‍
ഇംഗ്ലീഷിലും മലയാളത്തിലുമായി ഇതുവരെ 30 പുസ്തകങ്ങള്‍ എഴുതിയ ഈ കണ്ണൂര്‍കാരന്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ വേറിട്ട സാന്നിധ്യമാണ്
ഒന്‍പത് വര്‍ഷം മുമ്പ് പ്രവാസത്തിന് വിട പറഞ്ഞ് പുസ്തക പ്രസിദ്ധീകരണത്തിലേക്ക് തിരിഞ്ഞ എഴുത്തുകാരനാണ് അഡ്വ. മുഈനുദ്ദീന്‍ എന്ന മലയാളി. സ്വന്തം പുസ്തകങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തിന്റെ റിനൈസന്‍സ് ബുക്സ് പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇതുവരെ 30 പുസ്തകങ്ങള്‍ എഴുതിയ ഈ കണ്ണൂര്‍കാരന്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ വേറിട്ട സാന്നിധ്യമാണ്
പ്രസാധന രംഗത്തെ ഒറ്റയാന്‍മാരില്‍ ഒരാളാണിത്. അഡ്വ. മുഈനുദ്ദീന്‍. ഏഴ് ഇംഗ്ലീഷ് പുസ്തകങ്ങള്‍ അടക്കം മുപ്പത് രചനകള്‍. ഇവയില്‍ അഞ്ചെണ്ണമൊഴികെ ബാക്കിയെല്ലാം മനഃശ്ശാസ്ത്ര ഗ്രന്ഥങ്ങള്‍. ഭാഷാപഠനവും ആത്മീയ പഠനവുമാണ് മറ്റുള്ളവ. നേരത്തേ ഷാര്‍ജയില്‍ പ്രവാസിയായിരുന്നു. അവിചാരിതമായാണ് പുസ്തക രചനയുടെ ലോകത്ത് എത്തിയത്. ആത്മഹത്യാ പ്രവണതയടക്കം ഒട്ടേറെ മാനസിക പ്രശ്നങ്ങളെ മുഈനുദ്ദീന്‍ തരണം ചെയ്തത് മനഃശ്ശാസ്ത്ര പഠനത്തിലൂടെയാണ്. തന്റെ സഹോദരനും സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നത് അറിഞ്ഞ കാലത്ത് അനുജന് എഴുതിയ കത്തുകളാണ് ആദ്യമായി ബന്ധങ്ങളുടെ മനഃശാസ്ത്രം എന്ന പേരില്‍ പുസ്തകമാക്കിയത്. അത് പിന്നീട് അഞ്ച് വാള്യങ്ങളും എട്ട് പതിപ്പുകളുമായി വളര്‍ന്നു. നിരവധി കുടുംബബന്ധങ്ങളെ ശക്തമാക്കിയതാണ് തന്റെ നേട്ടമെന്ന് മുഈനുദ്ദീന്‍ വിശ്വസിക്കുന്നു.
2007 ല്‍ ഗള്‍ഫിനോട് വിടപറഞ്ഞ ശേഷമാണ് 30 പുസ്തകങ്ങളും എഴുതിയത്. നിയമ ബിരുദത്തിന് ശേഷം മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഇപ്പോള്‍ പിഎച്ച്ഡിക്കായുള്ള ഗവേഷണത്തിലാണ്. ഒപ്പം ആറ് പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരണത്തിന് തയാറാകുന്നു. കൗണ്‍സിലിങ് രംഗത്തുള്ളവര്‍ തന്റെ പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് മുഈനുദ്ദീന്‍. പക്ഷെ, മനഃശാസ്ത്രഞ്ജനാണോ എഴുത്തുകാരനാണോ താങ്കള്‍ എന്ന് ചോദിച്ചാല്‍ ഈ 42 കാരന്‍ കുടുങ്ങിപ്പോകും.