ഖത്തറിനെതിരെയുള്ള വ്യോമവിലക്കില്‍ ഇളവില്ലെന്ന് ബഹ്റൈൻ
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഖത്തറിന് ബഹ് റൈൻ വ്യോമ പാത തുറന്നു നൽകിയെന്നായിരുന്നു വാർത്ത
ഖത്തറിനെതിരെയുള്ള വ്യോമയാന വിലക്ക് പിൻവലിച്ച് ബഹിഷ്കരണ നടപടികളിൽ ഇളവ് വരുത്തിയതായി വന്ന വാർത്ത ബഹ്റൈൻ നിഷേധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഖത്തറിന് ബഹ് റൈൻ വ്യോമ പാത തുറന്നു നൽകിയെന്നായിരുന്നു വാർത്ത.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷെൻറ നിർദേശപ്രകാരം ഖത്തറിനു മേൽ ഏർപ്പെടുത്തിയ വ്യോമവിലക്ക് നീക്കാൻ തങ്ങൾ സന്നദ്ധമായി എന്ന രീതിയിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് ബഹ്റൈൻ സിവിൽ ഏവിയേഷൻ അധിക്യതർ വ്യക്തമാക്കി. ഖത്തറിന്റെ വിമാനങ്ങൾക്ക് മുമ്പിൽ രാജ്യത്തിന്റെ വ്യോമപാതകൾ അടഞ്ഞു തന്നെ കിടക്കുകയാണെന്നും മറിച്ചുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നുമാണ് ബഹ്റൈന്റെ നിലപാട്. ഖത്തറിന്റെ ഉടമസ്ഥതയിലുള്ളതോ ആ രാജ്യത്ത് രജിസ്റ്റർ ചെയ്തതോ ആയ വിമാനങ്ങൾക്ക് ബഹ്റൈനിൽ പ്രവേശനം അനുവദിക്കില്ലെന്നും സിവിൽ ഏവിയേഷൻ അധിക്യതർ കൂട്ടിച്ചേർത്തു.
ഖത്തറിന്റെ വിമാനങ്ങള്‍ക്ക് മേല്‍ ബഹ്റൈൻ അടക്കമുള്ള നാല് രാജ്യങ്ങൾ ഏര്‍പ്പെടുത്തിയ വ്യോമപാതാ വിലക്ക് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖത്തർ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷെനില്‍ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ബഹ്റൈന്റെ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജ്യൻ ഖത്തറിനായി തുറന്നു കൊടുക്കുമെന്നും കൂടുതൽ വ്യോമമേഖല , ആഗസ്റ്റ് 17 മുതൽ തുറക്കുന്നതിന് തീരുമാനമായിട്ടുണ്ടെന്നുമാണ് ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വാർത്ത പ്രചരിച്ചിരുന്നത്. ഉപരോധമേർപ്പെടുത്തിയതിന് ശേഷം ബഹ്റൈന്റെ ഭാഗത്ത് നിന്നുണ്ടായ പ ഖത്തർ അനുകൂല നടപടിയായാണ് ഇത് വിലയിരുത്തപ്പെട്ടു . എന്നാൽ ഈ വാർത്ത നിഷേധിച്ചതോടെ ഖത്തറിനോടുള്ള നിലപാടിൽ ഒരു മാറ്റവുമില്ലെന്ന സന്ദേശം കൂടിയാണ് ബഹ്റൈൻ നൽകുന്നത്.