ആരോഗ്യമന്ത്രാലയത്തിൽ സ്വദേശിവത്കരണം കൂടുതൽ ഉൗർജിതമാക്കാൻ ഒമാൻ
ഫാർമസിസ്റ്റ്, അസി.ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ, ഫിസിയോ തെറാപിസ്റ്റ്, ഡെഞ്ച്വറിസ്റ്റ്സ്, എക്സ് റേ ടെക്നീഷ്യൻസ്, ഒപ്റ്റീഷ്യൻസ് തുടങ്ങിയ തസ്തികകളിൽ നിയമിക്കപ്പെടാൻ യോഗ്യതയുള്ള സ്വദേശികളിൽ നിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു
ആരോഗ്യമന്ത്രാലയത്തിൽ സ്വദേശിവത്കരണ നടപടികൾ കൂടുതൽ ഉൗർജിതമാക്കാൻ ഒമാൻ സർക്കാർ ഒരുങ്ങുന്നു. ഏറ്റവും കൂടുതൽ വിദേശികൾ ജോലി ചെയ്യുന്ന ആരോഗ്യവകുപ്പിൽ സ്വദേശിവത്കരണം ഘട്ടംഘട്ടമായി നടന്നുവരുകയാണ്. ഒന്നിലധികം തസ്തികകളിൽ നിന്ന് വിദേശികളെ ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഫാർമസിസ്റ്റ്, അസി.ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ, ഫിസിയോ തെറാപിസ്റ്റ്, ഡെഞ്ച്വറിസ്റ്റ്സ്, എക്സ് റേ ടെക്നീഷ്യൻസ്, ഒപ്റ്റീഷ്യൻസ് തുടങ്ങിയ തസ്തികകളിൽ നിയമിക്കപ്പെടാൻ യോഗ്യതയുള്ള സ്വദേശികളിൽ നിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 22 മുതൽ നവംബർ രണ്ടുവരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ഉൗർജിത കർമപദ്ധതി നടപ്പിൽ വരുത്താൻ കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
പുതിയ അറിയിപ്പ് പ്രകാരമുള്ള തസ്തികകളിൽ ഫാർമസിസ്റ്റ്, അസി.ഫാർമസിസ്റ്റ് വിഭാഗങ്ങളിലാണ് കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത്. ഫാർമസിസ്റ്റ് തസ്തികയെ ഇതാദ്യമായാണ് സ്വദേശിവത്കരണത്തിൽ ഉൾപ്പെടുത്തുന്നതെന്ന് ഇൗ മേഖലയിൽ ജോലി ചെയ്യുന്നവർ പറയുന്നു. പുതിയ നടപടിയോടെ ഇൗ തസ്തികയിലെ സ്വദേശിവത്കരണ തോത് ഉയരാനാണിടയെന്നും ചൂണ്ടികാണിക്കപ്പെടുന്നു. അതേസമയം ഇക്കഴിഞ്ഞ ഏപ്രിൽ,മെയ് മാസങ്ങളിൽ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച 415 വിദേശി നഴ്സുമാരിൽ പകുതിയോളം പേരെയും അതേ വേതന വ്യവസ്ഥകളോടെ തിരിച്ചെടുത്തിട്ടുണ്ട്.