പാല്‍ക്ഷാമം പരിഹരിക്കാന്‍ 4000 പശുക്കള്‍ വിദേശത്ത് നിന്ന് വിമാനമാര്‍ഗം ഖത്തറിലേക്ക്

Update: 2018-05-26 10:22 GMT
പാല്‍ക്ഷാമം പരിഹരിക്കാന്‍ 4000 പശുക്കള്‍ വിദേശത്ത് നിന്ന് വിമാനമാര്‍ഗം ഖത്തറിലേക്ക്
Advertising

ഉപരോധം മറികടക്കാന്‍ വേറിട്ട വഴിയുമായി ഖത്തര്‍ ബിസിനസ്സുകാരന്‍

ഖത്തറിനെതിരായ സൗദി സഖ്യരാഷ്ട്രങ്ങളുടെ നയതന്ത്ര ഉപരോധത്തെ മറികടക്കാനുള്ള വിപുലമായ ശ്രമങ്ങള്‍ നടക്കുന്നതിനിടെ, ഖത്തറിലെ ഒരു ബിസിനസ് പ്രമുഖന്‍ നടത്തുന്ന വേറിട്ട പ്രതിരോധം വിസ്മയമാകുന്നു. രാജ്യത്തെ പാല്‍ക്ഷാമം പരിഹരിക്കാനായി 4000 പശുക്കളെയാണ് ആസ്‌ത്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നുമായി ഇദ്ദേഹം വിമാനമാര്‍ഗ്ഗം ഖത്തറിലെത്തിക്കുന്നത്.

ഖത്തറിനുമേല്‍ അയല്‍രാജ്യങ്ങളേര്‍പ്പെടുത്തിയ ഉപരോധത്തെ പ്രതിരോധിക്കുന്ന ഒട്ടേറെ വഴികളില്‍ ഒന്നുമാത്രമാണിത്. സൗദിയില്‍ നിന്നുള്ള പാല്‍ രാജ്യത്തേക്കെത്തുന്നത് നിലച്ചപ്പോള്‍ സ്വന്തം നിലക്ക് തന്നെ അതിന് സാധ്യമായ പ്രതിരോധം തീര്‍ക്കാമെന്ന സര്‍ഗ്ഗാത്മക ചിന്തയാണ് സ്വദേശി ബിസിനസ് പ്രമുഖന്റെ ഈ തീരുമാനത്തിന് പിന്നില്‍. അമേരിക്കയില്‍ നിന്നും ആസ്‌ത്രേലിയയില്‍ നിന്നുമുള്ള 4000 മേല്‍ത്തരം പശുക്കളെയാണ് ഇദ്ദേഹം ഖത്തറിലേക്കെത്തിക്കുന്നത്. ഖത്തറിലെ പവര്‍ ഇന്റര്‍നാഷണലിന്റെ ചെയര്‍മാനായ മുതാസ് അല്‍ ഖയ്യാത്താണ് വേറിട്ട പ്രതിരോധം തീര്‍ക്കുന്ന രാജ്യസ്‌നേഹി.

ഇതിനായി ഖത്തര്‍ എയര്‍വെയ്‌സിന്റെ 60 വിമാനങ്ങള്‍ ചാര്‍ട്ടുചെയ്യും. വിമാനമാര്‍ഗ്ഗം പശുക്കളെയെത്തിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇറക്കുമതിയാണിത്. ഖത്തറിനായി വല്ലതും ചെയ്യേണ്ട സമയമാണിതെന്നാണ് മുതാസ് അല്‍ ഖയ്യാത്ത് ഒരു വിദേശമാധ്യമത്തോട് പ്രതികരിച്ചത് . രാജ്യത്തിനെതിരായ അയല്‍രാജ്യങ്ങളുടെ ഉപരോധത്തിലൂടെ ശുദ്ധമായ പാലിനാണ് രാജ്യത്ത് കുറവ് വരികയെന്ന് മനസ്സിലാക്കിയാണ് ഖയ്യാത്ത് രംഗത്തിറങ്ങിയത്.

പശുക്കളെ വളര്‍ത്താനായി ദോഹയുടെ വടക്കുഭാഗത്തായി വിശാലമായ പുല്‍കൃഷി നടത്താനാണ് മുതാസ് അല്‍ഖയ്യാത്ത് പദ്ധതിയിടുന്നത്. ഇതിനായി ഏകദേശം 70 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വിസ്തീര്‍ണമുള്ള ഭൂമിയാണ് സജ്ജമാക്കുന്നത്. ഈ മാസം അവസാനത്തോടെത്തന്നെ മുതാസിന്റെ ഫാമില്‍ നിന്ന് 'മെയ്ഡ് ഇന്‍ ഖത്തര്‍ പാല്‍' ഖത്തര്‍ വിപണിയിലിറങ്ങും. ഇപ്പോള്‍ തന്നെ രാജ്യത്ത് തരംഗമായ സ്വദേശി ഉത്പന്നങ്ങള്‍ക്കും തുര്‍ക്കിയില്‍ നിന്നെത്തിയ മുന്തിയ തരം പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കുമൊപ്പം ഖത്തറിലെ വിപണിയില്‍ മുതാസ് അല്‍ഖയ്യാത്തിന്റെ രാജ്യസ്‌നേഹത്തില്‍ ചാലിച്ച പാലും ഇടം പിടിക്കും. എന്തിനും പോന്ന ആത്മവിശ്വാസവും ഇഛാശക്തിയും കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഖത്തരിചെറുപ്പത്തിന്റെ പ്രതീകമാണ് ഈ വ്യവസായ പ്രമുഖന്‍.

Tags:    

Similar News