ഒമാനിൽ സര്‍ക്കാര്‍ കമ്പനികളുടെ സ്വകാര്യവത്കരണം; നടപടികള്‍ വേഗത്തില്‍
വിവിധ കമ്പനികളിലെ സര്‍ക്കാര്‍ ഓഹരികള്‍ പുതുതായി രൂപവത്കരിച്ച ഹോള്‍ഡിങ് കമ്പനികള്‍ക്കും സ്വതന്ത്രാധികാരമുള്ള വെല്‍ത്ത് ഫണ്ടുകള്‍ക്കും കൈമാറുന്നതിനുള്ള നടപടികള്‍ ധനകാര്യമന്ത്രാലയം ആരംഭിച്ചു
ഒമാനിൽ സര്‍ക്കാര്‍ കമ്പനികളുടെ സ്വകാര്യവത്കരണത്തിന് വഴിയൊരുക്കുന്ന നടപടികളുമായി അതിവേഗം മുന്നോട്ട്. വിവിധ കമ്പനികളിലെ സര്‍ക്കാര്‍ ഓഹരികള്‍ പുതുതായി രൂപവത്കരിച്ച ഹോള്‍ഡിങ് കമ്പനികള്‍ക്കും സ്വതന്ത്രാധികാരമുള്ള വെല്‍ത്ത് ഫണ്ടുകള്‍ക്കും കൈമാറുന്നതിനുള്ള നടപടികള്‍ ധനകാര്യമന്ത്രാലയം ആരംഭിച്ചു.
എണ്ണ വില ഇടിഞ്ഞത് മൂലം ഉടലെടുത്ത സാമ്പത്തിക കമ്മി ഒഴിവാക്കാനാണ് നീക്കം വേഗത്തിലാക്കുന്നത്. ചില കമ്പനികള്‍ സര്‍ക്കാരിനുണ്ടാക്കുന്ന നഷ്ടം ഒഴിവാക്കാനും സേവനങ്ങള്‍ ച്ചെപ്പെടുത്തുവാനുമാണ് പുതിയ നീക്കമെന്ന് ധനകാര്യം മന്ത്രാലയം അധികൃതര്‍ അറിയിച്ചു. സലാല പോര്‍ട്ട് സര്‍വീസസ് കമ്പനിയിലെ 20.085 ശതമാനം വരുന്ന സര്‍ക്കാര്‍ ഓഹരികള്‍ ഈ മാസാദ്യം ഒമാന്‍ ഗ്ലോബല്‍ ലോജിസ്റ്റിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴില്‍ കഴിഞ്ഞ ജൂണില്‍ രൂപവത്കരിച്ച ഹോള്‍ഡിങ് കമ്പനിയാണ് ഒമാന്‍ ഗ്ലോബല്‍ ലോജിസ്റ്റിക്. ചരക്ക് ഗതാഗത മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് കമ്പനി രൂപവത്കരിച്ചത്. ഈ മേഖലയിലെ സര്‍ക്കാര്‍ ഓഹരികള്‍ കമ്പനിക്ക് കൈമാറാനാണ് ധനകാര്യമന്ത്രാലയത്തിന്റെ തീരുമാനം. ഇത് സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ സഹായിക്കും.
അതോടൊപ്പം ഒമാന്‍ ആന്റ് എമിറേറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ് കമ്പനിയുടെയും പോര്‍ട്ട് സര്‍വീസ് കോര്‍പറേഷന്റെയും ഷെയറുകള്‍ ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കൈമാറിയതായി ഒമാന്‍ ധനകാര്യ മന്ത്രാലയം മസ്കത്ത് സെക്യൂരിറ്റി മാര്‍ക്കറ്റിനെ അറിയിച്ചു.കമ്പനികള്‍ വില്‍പന നടത്തുന്നതിന് പകരം ഹോള്‍ഡിങ് കമ്പനി രൂപവത്കരിച്ച് വിവിധ കമ്പനികളുടെ ഷെയറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുകയെന്ന നിലപാടാകും സര്‍ക്കാര്‍ എടുക്കുക. നിരവധി കമ്പനികള്‍ സര്‍ക്കാരില്‍ നിന്ന് സബ്സിഡി നേടിയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഈ പദ്ധതികള്‍ സ്വകാര്യ മേഖലക്ക് നല്‍കുന്നത് വഴി വന്‍ സാമ്പത്തിക ലാഭമുണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരം സ്ഥാപനങ്ങളൂടെ മേലുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തുകളയാനും ശിപാര്‍ശയുണ്ട്.