എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ ദുബൈക്ക് വന്‍മുന്നേറ്റം
നടപ്പു വര്‍ഷത്തെ ആദ്യ ആറു മാസത്തെ റിപ്പോര്‍ട്ടു പ്രകാരം കയറ്റുമതിയില്‍ 17 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ ദുബൈക്ക് വന്‍മുന്നേറ്റം. നടപ്പു വര്‍ഷത്തെ ആദ്യ ആറു മാസത്തെ റിപ്പോര്‍ട്ടു പ്രകാരം കയറ്റുമതിയില്‍ 17 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്.
മൊത്തം 49 ദശലക്ഷം ടണ്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയാണ് നടന്നത്. പേയ വര്‍ഷം ഇതേ കാലയളവില്‍ 41 ദശലക്ഷം ടണ്‍ മാത്രമായിരുന്നു ദുബൈയില്‍ നിന്നുള്ള കയറ്റുമതി. ജനുവരി മുതല്‍ ജൂണ്‍ വരെ 648 ബില്യന്‍ ദിര്‍ഹത്തിന്റെ വ്യാപാരം നടന്നു. എണ്ണയിതര മേഖലയില്‍ വരുമാന നേട്ടം ഉണ്ടാക്കാനുള്ള ദുബൈയുടെ തീരുമാനം പ്രയോഗതലത്തില്‍ കൂടുതല്‍ വിജയിക്കുന്നതിന്റെ തെളിവ് കൂടിയായി മാറുകയാണ് ദുബൈ കസ്റ്റംസ് പുറത്തുവിട്ട പുതിയ വാണിജ്യ വളര്‍ച്ചാ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ രൂപപ്പെട്ട മാന്ദ്യവും എണ്ണവില തകര്‍ച്ച മൂലം ഉണ്ടായ ഉല്‍പന്ന നിരക്ഷകിളവും കണക്കിലെടുക്കുമ്പോള്‍ ഈ വളര്‍ച്ച ഏറെ ആഹ്ലാദകരമാണെന്ന് ദുബൈ തുറമുഖ-ഫ്രീസോണ്‍ കോര്‍പറേഷന്‍ മേധാവി സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈം പറഞ്ഞു.
ഇന്ത്യക്കു പുറമെ ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുമായാണ് ഏറ്റവും കൂടുതല്‍ വ്യാപാരം നടത്താന്‍ ദുബൈക്ക് സാധിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എക്സ്പോ 2020 ഉള്‍പ്പെടെയുള്ള ഭാവി സംരാഭങ്ങള്‍ മുന്‍നിര്‍ത്തി അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് ദുബൈ. വാണിജ്യ മേഖലയില്‍ കൂടുതല്‍ മുന്നേറ്റം നടത്താനും വരുംവര്‍ഷങ്ങളില്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.