ഖിദ്ദിയ വിനോദ പദ്ധതി ഇനി പ്രത്യേക കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കും
നിലവില്‍ വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി
സൌദിയില്‍ പ്രഖ്യാപിച്ച ഖിദ്ദിയ വിനോദ പദ്ധതി ഇനി പ്രത്യേക കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കും. നിലവില്‍ വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി. റിയാദില്‍ വരാന്‍ പോകുന്ന ലോകോത്തര വിനോദ പദ്ധതിയാണ് ഖിദ്ദിയ. ആഗോള നിക്ഷേപം ആകര്‍ഷിക്കാനാണ് പ്രത്യേക കമ്പനി രൂപീകരിച്ചത്
ഖിദ്ദിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്ക് കീഴിലാണ് ലോകോത്തര നിലവാരത്തിലുള്ള പദ്ധതി പൂര്‍ത്തിയാക്കുക. നിലവില്‍ വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന് കീഴില്‍ കൂട്ടുടമസ്ഥ സ്ഥാപനമായാണ് ഖിദ്ദിയ പദ്ധതി നടന്നു വരുന്നത്. ആഗോള നിക്ഷേപം ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ലോകത്തിലെ അത്യാധുനിക വിനോദന നഗരത്തിന് കഴിഞ്ഞ മാസാവസാനം രാജാവും കിരീടാവകാശിയും ചേര്‍ന്നാണ് തുടക്കം കുറിച്ചത്. റിയാദ് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ക്വിദ്ദിയ എന്ന പേരിൽ അന്താരാഷ്ട്ര നിലവാരത്തിൽ വിനോദ, സാംസ്കാരിക നഗരം. 334 ചതുരശ്ര കിലോമീറ്ററിലാണ് പദ്ധതി. വിനോദ, കായിക, സാംസ്കാരിക കേന്ദ്രങ്ങളാണ് ഇത്രയും വലിയ മേഖലയില്‍ സ്ഥാപിക്കപ്പെടുക. ലോകോത്തര തീം പാര്‍ക്കുകള്‍, മോട്ടോര്‍ സ്പോര്‍ട്സ്, സഫാരി പാര്‍ക്ക് എന്നിവ ഇതിന്റെ ഭാഗമായുണ്ടാകും.വന്‍കിട നിക്ഷേപത്തിനൊപ്പം വിദേശികള്‍ക്ക് വിവിധ ജോലി സാധ്യതകള്‍ കൂടി തുറന്നിടും ഖിദ്ദിയ പദ്ധതി. പദ്ധതിയില്‍ നേരിട്ടും അല്ലാതെയും പതിനായിരത്തോളം ജോലി സാധ്യതകളാണ് ഉണ്ടാവുക. മൂന്ന് വര്‍ഷം കൊണ്ട് ആദ്യ ഘട്ടം പൂര്‍ത്തിയാകുന്ന പദ്ധതിയില്‍ വിദേശികള്‍ക്കും വന്‍ സാധ്യതകളുണ്ട്.