കുവൈത്തില്‍ വേനല്‍ച്ചൂട് കനക്കുന്നു
ഒൗദ്യോഗികമായി തന്നെ രാജ്യത്ത് ശനിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയതായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കുവൈത്തില്‍ വേനല്‍ച്ചൂട് കനക്കുന്നു. ശനിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഒൗദ്യോഗികമായി തന്നെ രാജ്യത്ത് ശനിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയതായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അബ്ദലി, ജഹ്റ, വഫ്റ എന്നിവിടങ്ങളില്‍ 50 സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ മുത്രിബ മരുഭൂപ്രദേശത്ത് 51 ഡിഗ്രി സെല്‍ഷ്യസാണ് കുറിച്ചത്. വിമാനത്താവളം, ഫൈലക ദ്വീപ്, ജുലയ്യ, സാല്‍മി എന്നിവിടങ്ങളില്‍ 49ഉം കുവൈത്ത് സിറ്റി 48ഉം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. രാത്രി സമയത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ അന്തരീക്ഷ ഊഷ്മാവ് 31 ഡിഗ്രി സെല്‍ഷ്യസാണ്.
ഇതോടൊപ്പം മണിക്കൂറില്‍ 15 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ ചൂടുകാറ്റും അടിച്ചുവീശുന്നുണ്ട്. വേനല്‍ തുടങ്ങിയ ജൂണ്‍ തുടക്കത്തില്‍ തന്നെ ചൂട് ശക്തമായിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. റമദാന്‍െറ തുടക്കത്തില്‍ 45 ഡിഗ്രി സെല്‍ഷ്യസില്‍ താഴേക്ക് കുറഞ്ഞ അന്തരീക്ഷ ഊഷ്മാവാണ് ഇപ്പോള്‍ കൂടി 50ല്‍ തൊട്ടിരിക്കുന്നത്.
വേനല്‍ കാലത്ത് പുറംജോലിക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതാണ് കുറച്ചെങ്കിലും ആശ്വാസം പകരുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതല്‍ വൈകീട്ട് നാലു മണി വരെ പുറത്ത് ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക്. നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റു അപകടങ്ങളും ഒഴിവാക്കാനാണിത്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മീഡിയവൺ കുവൈറ്റ്