സൌദിയിലെ മത്സ്യ തൊഴിലാളികള്‍ നാളെ അര്‍ധരാത്രി കടലിറങ്ങും

Update: 2018-05-28 14:54 GMT
Editor : Jaisy
സൌദിയിലെ മത്സ്യ തൊഴിലാളികള്‍ നാളെ അര്‍ധരാത്രി കടലിറങ്ങും
Advertising

ജുബൈല്‍ തീരത്ത് നിന്നും രണ്ടായിരത്തിലധികം മാസങ്ങൾ നീണ്ട വരുതിക്ക് ശേഷം പ്രതീക്ഷയോടെയാണ് ചെമ്മീൻ ചാകര തേടി കടലിലേക്ക് തിരിക്കുന്നത്

ട്രോളിംങ് നിരോധം അവസാനിച്ച് സൌദിയിലെ മത്സ്യ തൊഴിലാളികള്‍ നാളെ അര്‍ധരാത്രി കടലിറങ്ങും. ജുബൈല്‍ തീരത്ത് നിന്നും രണ്ടായിരത്തിലധികം മാസങ്ങൾ നീണ്ട വരുതിക്ക് ശേഷം പ്രതീക്ഷയോടെയാണ് ചെമ്മീൻ ചാകര തേടി കടലിലേക്ക് തിരിക്കുന്നത്. കടുത്ത ചൂടും മീന്‍ പിടുത്തം അഞ്ചു ദിവസമായി ചുരുക്കിയതും ഡീസല്‍ വില വര്‍ദ്ധിച്ചതും തൊഴിലാളികളെ ആശങ്കയിലാക്കുന്നുണ്ട്.

സൌദി കിഴക്കൻ മേഖലയിൽ നിന്നും ഏറ്റവും അധികം ബോട്ടുകൾ പോകുന്നത് ജുബൈലിൽ നിന്നാണ്. 800 ഓളം യന്ത്ര ബോട്ടുകളാണ് ഇവിടെയുള്ളത്. ഭൂരിഭാഗം തൊഴിലാളികളും ഇന്ത്യക്കാരാണ്.കൊടും ചൂടിൽ റോഡരികിലും കടൽ തീരത്തും വീടുകളിലുമായി വലകളുടെ അറ്റകുറ്റപ്പണികൾ തീർക്കുന്ന പണിയിലായിരുന്നു കഴിഞ്ഞ ഒരാഴ്ചകാലം. കഴിഞ്ഞ വർഷം വരെ എട്ടു ദിവസം മീൻ പിടിക്കുന്നതിനും കടലിൽ കഴിയുന്നതിനുമുള്ള പെർമിറ്റ് നൽകിയിരുന്നത് ഇത്തവണ അഞ്ചു ദിവസമാക്കി ചുരുക്കിയത് തൊഴിലാളികളെ പ്രയാസത്തിലാക്കിയിട്ടുണ്ട്.

ട്രോളിംങ് നിരോധം അവസാനിച്ച് അര്‍ഥ രാത്രി പണ്ട്രണ്ട് മണിക്ക് ശേഷം കടലിലിറങ്ങുന്ന തൊഴിലാളികള്‍ക്ക് രാവും പകലും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും. കരയിലേക്കാൾ ചൂടിന്റെ ശക്തി കടലിൽ കൂടുതലായതിനാൽ അതും വലിയ വലിയൊരു പ്രതിസന്ധിയാണ്. കൂടാതെ ഡീസലിന്റെ വില വര്‍ധനവ് നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ മത്സ്യ ബന്ധനവുമാണ് ഇത് എന്നതിനാല്‍ ചിലവ് ഇരട്ടിയായി വര്‍ധിക്കും എന്നതും തൊഴിലാളികളെ ആശങ്കയിലാക്കുന്നു. പ്രതിസന്ധികളിലും കടല്‍ ചതിക്കില്ലെന്ന ആത്മ വിശ്വാസത്തിലാണ് തൊഴിലാളികള്‍ കടലിറങ്ങാന്‍ കാത്തിരിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News