ഖത്തറില്‍ ഏപ്രിലില്‍ മാത്രം മരിച്ചത് 97 ഇന്ത്യക്കാര്‍: ഇന്ത്യന്‍ എംബസി

Update: 2018-05-28 17:44 GMT
Editor : admin
ഖത്തറില്‍ ഏപ്രിലില്‍ മാത്രം മരിച്ചത് 97 ഇന്ത്യക്കാര്‍: ഇന്ത്യന്‍ എംബസി
Advertising

മുന്‍ വര്‍ഷങ്ങളേക്കാള്‍ വളരെ കൂടുതലാണ് ഖത്തറില്‍ മരണമടയുന്ന ഇന്ത്യക്കാരുടെ എണ്ണമെന്ന സൂചനയാണ് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ പുറത്ത് വിട്ടത്.

Full View

ഖത്തറില്‍ ഏപ്രില്‍ മാസത്തില്‍ മാത്രം 97 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസിനോടനുബന്ധിച്ച് പുറത്തു വിട്ട കണക്കുകളിലാണ് ഇന്ത്യക്കാരുടെ മരണ നിരക്ക് വര്‍ദ്ധിച്ചതായ റിപ്പോര്‍ട്ടുള്ളത്. 129 ഇന്ത്യന്‍ പ്രവാസികള്‍ രാജ്യത്ത് ജയിലില്‍ കഴിയുന്നതായും 103 പേര്‍ നാടുകടത്തല്‍ കേന്ദ്രത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുന്‍ വര്‍ഷങ്ങളേക്കാള്‍ വളരെ കൂടുതലാണ് ഖത്തറില്‍ മരണമടയുന്ന ഇന്ത്യക്കാരുടെ എണ്ണമെന്ന സൂചനയാണ് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ പുറത്ത് വിട്ടത്. ഏപ്രില്‍ മാസത്തില്‍ മാത്രം 97 ഇന്ത്യക്കാരണ് ഖത്തറില്‍ വെച്ച് മരിച്ചത്. ഇവയിലധികം ഹൃദയാഘാതം മൂലവും വാഹനാപകടങ്ങളിലൂടെയുമാണ് സംഭവിച്ചത്. മലയാളികളുള്‍പ്പെടെ ഇന്ത്യക്കാരുടെ ആത്മഹത്യ നിരക്കും രാജ്യത്ത് കൂടുതലായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് .

2014 ലും 2015 ലും 279 ഇന്ത്യക്കാര്‍ വീതം രാജ്യത്ത് മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഈ വര്‍ഷം ഒരു മാസത്തിനകമാണ് നൂറോളം പ്രവാസികള്‍ രാജ്യത്ത് മരണമടഞ്ഞത്. നിലവില്‍ 129 ഇന്ത്യക്കാര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായി കഴിയുന്നുണ്ടെന്നും, 103 ഇന്ത്യക്കാര്‍ നാടു കടത്തല്‍ കേന്ദ്രത്തിലുണ്ടെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. തൊഴില്‍ സംബന്ധമായ 1482 പരാതികളാണ് 4 മാസത്തിനകം എംബസിക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മൊത്തം 4132 തൊഴില്‍ പരാതികളാണ് ലഭിച്ചിരുന്നതെന്നും എംബസി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വിവിധ തൊഴില്‍ പ്രശ്‌നങ്ങളില്‍ പെട്ട 33 ഇന്ത്യക്കാര്‍ക്കാണ് ഏപ്രിലില്‍ ഔട്ട് പാസ് നല്‍കിയത്. ഇവരില്‍ 19 പേര്‍ക്ക് നാട്ടിലെത്താനുള്ള വിമാനടിക്കറ്റ് നല്‍കിയതായും എംബസി വൃത്തങ്ങള്‍ അറിയിച്ചു. എംബസിക്കു കീഴിലെ ഐസിബിഎഫിന്റെ സഹായത്തോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതായാണ് എംബസിയുടെ അവകാശവാദം. അതേസമയം തൊഴില്‍ പ്രശ്‌നങ്ങളില്‍ പെട്ട് എംബസിയില്‍ അഭയം തേടുന്നവര്‍ക്ക് പലപ്പോഴും വേണ്ടത്ര പരിഗണനയോ സഹായമോ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. എംബസി കെട്ടിടത്തോട് ചേര്‍ന്ന കാര്‍ ഷെഡിലാണ് എംബസിയില്‍ അഭയം തേടുന്നവര്‍ കഴിഞ്ഞു കൂടുന്നത്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News