ഒമാനില്‍ കോട്ടയം സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് സ്വദേശികള്‍ അറസ്റ്റില്‍

Update: 2018-05-28 08:39 GMT
Editor : admin
ഒമാനില്‍ കോട്ടയം സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് സ്വദേശികള്‍ അറസ്റ്റില്‍
Advertising

കോട്ടയം മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ഫിലിപ്പിന്‍ മൃതദേഹം ബുധനാഴ്ച ഉച്ചയോടെയാണ് മസ്കത്തില്‍ നിന്ന് 350 കിലോമീറ്ററോളം അകലെ തനാമിലെ മസ്റൂഖി ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്. സനീനയിലെ അല്‍ മഹാ പെട്രോള്‍ സ്റ്റേഷനിലാണ് ജോണ്‍ ഫിലിപ്പ് ജോലി ചെയ്തിരുന്നത്

ഒമാനിലെ ഇബ്രിയില്‍ പെട്രോള്‍ സ്റ്റേഷൻ ജീവനക്കാരനായ കോട്ടയം സ്വദേശി ജോൺ ഫിലിപ്പ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ആറ് സ്വദേശികളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

കോട്ടയം മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ഫിലിപ്പിന്‍ മൃതദേഹം ബുധനാഴ്ച ഉച്ചയോടെയാണ് മസ്കത്തില്‍ നിന്ന് 350 കിലോമീറ്ററോളം അകലെ തനാമിലെ മസ്റൂഖി ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്. നിര്‍ദിഷ്ട സൗദി ഹൈവേയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് ലഭിച്ച മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. സനീനയിലെ അല്‍ മഹാ പെട്രോള്‍ സ്റ്റേഷനിലാണ് ജോണ്‍ ഫിലിപ്പ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ജോണിനെ സനീനയില്‍ നിന്ന് ആറംഗ സംഘം തട്ടികൊണ്ടുപോയത്. പമ്പിലെയും കടയിലെയും കളക്ഷന്‍ തുകയായ മൂവായിരം റിയാല്‍ ഇവര്‍ കവര്‍ന്നതായും ഇബ്രിയിലെ പൊലീസ് വൃത്തങ്ങള്‍ അനൗദ്യോഗികമായി പറഞ്ഞു.

പ്രതികളില്‍ ഒരാള്‍ പമ്പിന് സമീപവാസിയാണെന്നാണ് സൂചന. ജോണുമായി ഇവര്‍ക്ക് ആര്‍ക്കും മുന്‍ പരിചയം ഉണ്ടായിരുന്നില്ളെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് ജോണ്‍ മാത്രമാണ് ജോലിക്ക് ഉണ്ടാവുകയെന്ന് മനസിലാക്കിയ പ്രതികള്‍ ദിവസങ്ങളുടെ നിരീക്ഷണത്തിനൊടുവിലാണ് സംഭവം ആസൂത്രണം ചെയ്തത്. സി.സി.ടി.വി കാമറകളുടെ ഹാര്‍ഡ് ഡിസ്കും ഇവര്‍ കൈവശപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്‍െറ ഭാഗമായി സ്വദേശികള്‍ക്ക് പിന്നാലെ പാക്കിസ്ഥാന്‍, ബംഗ്ളാദേശ് സ്വദേശികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

ബിനുവാണ് ജോണിന്‍െറ ഭാര്യ. റോണകും ആന്‍ മേരിയും മക്കളാണ്. വേനലവധി ചെലവഴിക്കാന്‍ എത്തിയിരുന്ന ഭാര്യയും മക്കളും മെഴ് ഏഴിനാണ് നാട്ടിലേക്ക് തിരികെ പോയത്. കഴിഞ്ഞ 13 വര്‍ഷമായി ഒമാനിലുള്ള ജോണ്‍ നിസ് വ കേന്ദ്രമായുള്ള ലേബര്‍ സപൈ്ള കമ്പനിയിലെ ജീവനക്കാരനാണ്. മസ്കത്തിലെ പൊലീസ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഞായറാഴ്ചയോടെ മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News