ഖത്തര്‍ പെട്രോളിയം വീണ്ടും ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുന്നു
ഖത്തര്‍ പെട്രോളിയം പ്രസിഡന്‍റും സി.ഇ.ഓയുമായ സഅദ് ശെരിദ അല്‍ കഅബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തറിന്റെ പൊതുമേഖലാ എണ്ണകമ്പനിയായ ഖത്തര്‍ പെട്രോളിയം വീണ്ടും ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുന്നു. ഖത്തര്‍ പെട്രോളിയം പ്രസിഡന്‍റും സി.ഇ.ഓയുമായ സഅദ് ശെരിദ അല്‍ കഅബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അബുദബി അന്താരാഷ്ട്ര പെട്രോളിയം എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് ക്യു പി മേധാവി സഅദ് ശെരിദ അല്‍ കഅബി ഖത്തര്‍ പെട്രോളിയം പ്രവര്‍ത്തനചെലവ് കുറക്കാനൊരുങ്ങുന്നതായി വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ ഹൈഡ്രോ കാര്‍ബണ്‍ വ്യവസായമേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന പ്രക്രിയയും ഇതിന്റെ കൂടെ നടപ്പിലാക്കും. ആരോഗ്യ സുരക്ഷാ പരിസ്ഥിതി നിലവാരം ഉയര്‍ത്തുന്നതോടൊപ്പം തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അതോടൊപ്പം തന്നെ പ്രവര്‍ത്തന ചെലവ് കുറക്കലും പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ പെട്രോളിയവും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തന ചെലവ് നിലവില്‍ തന്നെ കാര്യമായി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ സ്ഥാപനങ്ങളിലെയും ടീം ലീഡര്‍മാരുടെയും തൊഴിലാളികളുടെയും കൂട്ടായ പരിശ്രമമില്ലാതെ ഇത് സാധ്യമാകുകയില്ലെന്നും ആഗോള വ്യാപാര നേതാക്കളുടെ സംഗമത്തില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി. സംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള ഊര്‍ജ്ജ വ്യാവസായിക രംഗത്തെ ഉന്നതരുമായി കഅബി കൂടിക്കാഴ്ച നടത്തുകയും എണ്ണ-പ്രകൃതി വാതക വിപണിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ക്യു പി യില്‍ നേരത്തെ നടപ്പിലാക്കിയ പുനക്രമീകരണങ്ങളില്‍ മലയാളികളുള്‍പ്പെടെ നിരവധിപേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു