ചികില്‍സാനിരക്കില്‍ ഇളവ്; അബൂദബി യൂനിവേഴ്സല്‍ ഹോസ്പിറ്റലും ദുബൈ ഫസ്റ്റും ധാരണാപത്രം ഒപ്പിട്ടു
ദുബൈ ഫസ്റ്റിന്റെ ഉപഭോക്താക്കള്‍ക്കാണ് ആശുപത്രിയില്‍ ഇളവുകള്‍ ലഭിക്കുക
രോഗികള്‍ക്ക് ചികില്‍സാനിരക്കില്‍ ഇളവ് ലഭ്യമാക്കുന്നതിന് അബൂദബി യൂനിവേഴ്സല്‍ ഹോസ്പിറ്റലും ധനകാര്യ സ്ഥാപനമായ ദുബൈ ഫസ്റ്റും ധാരണാപത്രം ഒപ്പിട്ടു. ദുബൈ ഫസ്റ്റിന്റെ ഉപഭോക്താക്കള്‍ക്കാണ് ആശുപത്രിയില്‍ ഇളവുകള്‍ ലഭിക്കുക.
അബൂദബി യൂനിവേഴ്സല്‍ ആശുപത്രി എം ഡി ഡോ. ഷബീര്‍ നെല്ലിക്കോടും, ദുബൈ ഫസ്റ്റ് സി ഇ ഒ അമിത ടല്‍ഗേറിയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഇതനുസരിച്ച് ദുബൈ ഫസ്റ്റിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ 500 ദിര്‍ഹം വരെ ഇളവുണ്ടാകും. അതോടൊപ്പം ചികില്‍സാ ചെലവുകള്‍ 12 തവണകളായി അടക്കാനും സൗകര്യമൊരുക്കും. യു എ ഇ പ്രഖ്യാപിച്ച ദാനധര്‍മ വര്‍ഷത്തിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഡോ. ഷബീര്‍ നെല്ലിക്കോട് പറഞ്ഞു.
കൂടുതല്‍ സ്ഥാപനങ്ങളുമായി സമാനമായ സഹകരണത്തിന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റമദാനില്‍ ആരോഗ്യകരമായ റമദാന്‍ എന്ന പേരില്‍ യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍ ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്. ആശുപത്രി സി ഒ ഒ ഹമദ് അല്‍ ഹുസ്നി, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോര്‍ജ് കോശി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.