സൌദിയിലെ ഓൺലൈൻ ടാക്‌സി കമ്പനികളിലെ സ്വദേശിവത്കരണം 97 ശതമാനമായി

Update: 2018-05-29 19:04 GMT
Editor : Jaisy
സൌദിയിലെ ഓൺലൈൻ ടാക്‌സി കമ്പനികളിലെ സ്വദേശിവത്കരണം 97 ശതമാനമായി
Advertising

പൊതുഗതാഗത അതോറിറ്റി വക്താവ് അബ്ദുല്ല അൽമുതൈരിയാണ് ഇക്കാര്യം അറിയിച്ചത്

സൌദിയിലെ ഓൺലൈൻ ടാക്‌സി കമ്പനികളിലെ സ്വദേശിവത്കരണം 97 ശതമാനമായെന്ന് പൊതുഗതാഗത അതോറിറ്റി. പൊതുഗതാഗത അതോറിറ്റി വക്താവ് അബ്ദുല്ല അൽമുതൈരിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മേഖലയിലെ സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി പുതിയ ടാക്‌സി കമ്പനികൾക്കും കാറുകൾക്കും ലൈസൻസ് നൽകുന്നത് നിർത്തി വെച്ചിട്ടുണ്ട്.

Full View

സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് സൌദിയില്‍ ഓണ്‍ലൈന്‍ ടാക്സി സംവിധാനം. വന്‍പ്രചാരം നേടിവരുന്നുണ്ട് ഈ മേഖല. സൗദിയിൽ 23 ഓൺലൈൻ ടാക്സി കമ്പനികൾക്കാണ് ലൈസൻസുള്ളത്. 2,20,000ലേറെ സ്വദേശി ടാക്സി ഡ്രൈവര്‍മാര്‍ ഇവര്‍ക്ക് കീഴിൽ പ്രവർത്തിക്കുന്നു. മൂന്ന് ശതമാനം മാത്രമാണിപ്പോള്‍ സ്വദേശികള്‍. ഈ മേഖലയില്‍ സ്വദേശിവത്കരണം ഉടന്‍ പൂര്‍ത്തിയാകും. ഓൺലൈൻ ടാക്സി കമ്പനികളിലെ നിരക്കുകൾ നിശ്ചയിക്കുന്നത് അതത് കമ്പനികളാണ്. ഇതില്‍ പൊതുഗതാഗത അതോറിറ്റി ഇടപെടുന്നില്ല. എന്നാല്‍ നിരക്കുകളിൽ കൃത്രിമം കാണിക്കുന്നില്ല എന്ന് അതോറിറ്റി ഉറപ്പു വരുത്തും.

ഡ്രൈവർമാർക്കുമുള്ള വിഹിതവുമായി ബന്ധപ്പെട്ട് ഓരോ കമ്പനിക്കും വ്യത്യസ്തമാണ് നിരക്ക്. എന്നാല്‍ ഓരോ നഗരങ്ങളിലും ഓൺലൈൻ ടാക്‌സി കമ്പനികൾ ഈടാക്കുന്ന നിരക്കുകൾ പരസ്യപ്പെടുത്തണം. ഈ നിരക്കുകൾക്ക് മുൻകൂട്ടി അതോറിറ്റി അംഗീകാരം നേടിയതായിരിക്കണം. ഓഫറുകളെയും തൊഴിലവസരങ്ങളും അതോറിറ്റിയുടെ അനുമതി കൂടാതെ പരസ്യപ്പെടുത്താനാകില്ല. ഇത് ലംഘിക്കുന്ന കമ്പനികൾക്ക് ഉടനടി വിലക്കേർപ്പെടുത്തും. ഒപ്പം ഇവരുടെ സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനും റദ്ദാക്കും. പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അൽറുമൈഹിന്റേതാണ് ഈ മുന്നറിയിപ്പ്. ഈ രംഗത്ത് ഇതു സംബന്ധിച്ച് അതോറിറ്റി പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ ടാക്സികൾക്കും ടാക്സി കമ്പനികളിൽ പുതിയ കാറുകൾ ഏർപ്പെടുത്തുന്നതിനും ലൈസൻസ് നൽകുന്നത് നിർത്തിവെച്ചത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി രാജ്യത്ത് നിരവധി മലയാളികള്‍ ടാക്സി മേഖല വിടുകയാണ്. ഇതിന് പിന്നാലെയാണ് കണക്കുകള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News