നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൌദിയും സഖ്യ രാജ്യങ്ങളും: മധ്യസ്ഥ നീക്കവുമായി കുവൈത്തും ഒമാനും

Update: 2018-05-30 13:20 GMT
നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൌദിയും സഖ്യ രാജ്യങ്ങളും: മധ്യസ്ഥ നീക്കവുമായി കുവൈത്തും ഒമാനും
Advertising

വിമാന സർവീസുകൾ നിർത്തിയത് ​യാത്രക്കാർക്ക് തിരിച്ചടിയായി

ഖത്തറുമായി ബന്ധം വിച്ഛേദിച്ച നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൌദിയും സഖ്യ രാജ്യങ്ങളും. യുഎഇയുടെ നാല് വിമാനക്കമ്പനികള്‍ ഇന്നുമുതല്‍ ഖത്തര്‍ സര്‍വീസ് നിര്‍ത്തിവെക്കും . ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലാകും. പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങാന്‍ കുവൈത്തും ഒമാനും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

ഖത്തറുമായി ചില ഗൾഫ്​-അറബ് രാജ്യങ്ങൾ ബന്ധം പിൻവലിച്ചതിനെ തുടർന്ന്​രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുന്നു. യു.എ.ഇയുടെ നാല്​വിമാന കമ്പനികൾ ഖത്തർ സർവീസ്​ഇന്നുമുതൽ നിർത്തിവെക്കുന്നതോടെ നൂറുകണക്കിന്​ യാത്രക്കാർ ദുരിതത്തിലാകും.

Full View

ഖത്തറുമായി ബന്ധം വിച്ഛേദിച്ച നടപടിയിൽ നിന്ന്​പിന്നോക്കം പോകില്ലെന്ന ഉറച്ച നിലപാടിലാണ്​ സൗദിയും സഖ്യരാജ്യങ്ങളും. നിഷേധാത്മക നിലപാട്​തിരുത്തും വരെ ബഹിഷ്കരണവും ഉപരോധവും തുടരുമെന്നാണ്​ഇവർ നൽകുന്ന സൂചന. അറബ്​, മുസ്ലിം രാജ്യങ്ങളാകട്ടെ, പലതും സൗദിക്ക്​ പിന്തുണ നൽകാനും സാധ്യതയേറി.

തീവ്രവാദ ഗ്രൂപ്പുകൾക്ക്​സഹായം നൽകുകയും ഗൾഫ്​രാഷ്ട്രങ്ങളോട്​ ശത്രുതാപരമായി പെരുമാറുകയും ചെയ്യുന്നു എന്നാരോപിച്ചാണ്​ഖത്തറുമായുള്ള ബന്ധം സൗദിയും മറ്റും വിച്ഛേദിച്ചത്​. 2004ൽ അൽജസീറ ചാനലിനെ ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നത​ കാരണം ഖത്തറുമായി ഈ രാജ്യങ്ങൾ നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു.

എന്നാൽ യാത്രാവിലക്കുൾപ്പെടെയുള്ള കടുത്ത നടപടികളാണ്​ ഇപ്പോൾ ഏർപ്പെടുത്തിയത്​. ഖത്തറിൽ ഇവരുടെ നയതന്ത്ര കാര്യാലയങ്ങൾ ഇന്നലെ തന്നെ അടച്ചുപൂട്ടിയിരുന്നു. നയതന്ത്ര പ്രതിനിധികൾ മടങ്ങുകയും ചെയ്തു. വിലക്ക്​സൃഷ്ടിക്കുന്ന സാമ്പത്തിക തകർച്ചയും ചെറുതാകില്ല. ഗൾഫ്​ വികസന പദ്ധതികളെ വരെ അത്​പ്രതികൂലമായി ബാധിക്കും. പ്രശ്നപരിഹാരത്തിന്​മുന്നിട്ടിറങ്ങാൻ കുവൈത്ത്​അമീറും ഒമാൻ നേതൃത്വവും തയ്യാറെടുക്കുന്നതായി റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്​.

പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങാന്‍ കുവൈത്തും ഒമാനും

ഖത്തർ വിഷയത്തിൽ കുവൈത്തിന്റെ നിലപാടിന് കാതോർത്ത് അറബ് ലോകം. ജിസിസി അംഗരാജ്യങ്ങൾക്കിടയിലെ പിണക്കം മാറ്റാൻ ഇക്കുറിയും കുവൈത്ത് അമീറിന്റെ ഇടപെടലുണ്ടാകുമെന്നാണ്അന്താരാഷ്‌ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. പൊതുവെ ഇത്തരം വിഷയങ്ങളിൽ കുവൈത്ത് സ്വീകരിച്ചു പോരുന്ന സമദൂര നിലപാടുകൾ പലതവണ ജിസിസി ഐക്യത്തിന് കരുത്തു പകർന്നിട്ടുണ്ട്.

ഗൾഫ്‌ രാഷ്ട്രങ്ങൾക്കിടയിലെ അഭിപ്രായഭിന്നതകൾ പരിഹരിക്കാൻ കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ്‌ സൗദിയും ബഹ്റൈനും യുഎ ഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.

ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ ആലു ഖലീഫയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയും ബുധനാഴ്ച കുവൈത്ത് അമീറിനെ സന്ദർശിച്ചിരുന്നു. റമദാൻ ആശംസകൾ കൈമാറാനുള്ള സന്ദർശനം ആണെങ്കിലും കുവൈത്ത് അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

സൗദി, ബഹ്‌റൈൻ, യുഎഇ എന്നീ രാജ്യങ്ങൾ 2014ലും ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. അന്നും ഏതെങ്കിലും ഭാഗം ചേരാതെ സമദൂര നിലപാടായിരുന്നു കുവൈറ്റ്‌ സ്വീകരിച്ചത്. അതേ വർഷം കുവൈത്തിൽ ചേർന്ന അറബ് ലീഗ് ഉച്ചകോടിയിൽ സൗദി കിരീടാവകാശിയെയും ഖത്തർ അമീറിനെയും തന്റെ ഇരുഭാഗത്തുമായി നിർത്തി പരസ്പരം ഹസ്തദാനം ചെയ്യിച്ചാണ് അമീർ ഷെയ്ഖ്‌ സബാഹ് അൽ അഹമദ് അൽ സ്വബാഹ് പിണക്കം മാറ്റിയത്. അമീറിന്റെ ഇടപെടൽ ഫലം കാണുകയും ഒരാഴ്ചക്കുള്ളിൽ ഖത്തറിൽ സൗദി-യു എ ഇ-ബഹറൈൻ സ്ഥാനപതിമാർ തിരിച്ചെത്തുകയും ചെയ്തു.

മേഖലയുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളിൽ സൗദിയുടെ കൂടെയാണെങ്കിലും ജിസിസി അംഗരാജ്യങ്ങൾക്കിടയിലെ അസ്വാരസ്യങ്ങളിൽ വിഷയത്തിൽ കുവൈറ്റ്‌ സ്വീകരിച്ചു പോരുന്ന ചേരിചേരാ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുവൈറ്റ്‌ അമീറിന്റെ മധ്യസ്ഥ ശ്രമങ്ങൾ ഇത്തവണയും ജിസിസി പ്രതിസന്ധിക്കു മരുന്നാകുമോ എന്നാണു ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

Full View

വിമാന സർവീസുകൾ നിർത്തിയത്​ യാത്രക്കാർക്ക് തിരിച്ചടിയായി

വിമാന കമ്പനികൾ സർവീസ്​ നിർത്തിയതോടെ ടൂറിസം മേഖലക്കും കനത്ത നഷ്ടം സംഭവിക്കും. നിത്യേന 29 സർവീസുകളാണ്​ദോഹയിൽ നിന്ന്​ ഖത്തർ എയർവേസിന് യു.എ.ഇയിലേക്കു മാത്രമായുള്ളത്​.

യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല്​വിമാനക്കമ്പനികളും ദോഹയിലേക്കുള്ള സർവീസുകൾ റദ്ദാക്കുന്നത്​ആയിരങ്ങളെ ബാധിക്കും. യു.എ.ഇയിൽനിന്ന്​ദോഹയിലേക്ക്​സർവീസ്​നടത്തുന്ന എമിറേറ്റ്സ്​, ഇത്തിഹാദ്​എയർവേസ്​, എയർ അറേബ്യ, ഫ്ലൈ ദുബൈ വിമാനക്കമ്പനികളാണ്​ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതായി യു.എ.ഇ പ്രഖ്യാപിച്ചതിനെ തുടർന്ന്​സർവീസുകൾ നിർത്തിവെച്ചത്​. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടായിരിക്കില്ല.

തിങ്കളാഴ്ച ഷെഡ്യൂൾ പ്രകാരം വിമാന സർവീസുകൾ നടന്നു. ദോഹയിലേക്കോ ദോഹയിൽനിന്നോ ടിക്കറ്റ്​ ബുക്ക്​ ചെയ്തവർക്ക്​ മുഴുവൻ പണവും തിരിച്ചു നൽകുകയോ ഏറ്റവും അടുത്തുള്ള മറ്റു വിമാനത്താവളങ്ങളിലേക്ക്​സൗജന്യമായി ടിക്കറ്റ്​അനുവദിക്കുകയോ ചെയ്യുമെന്ന്​ഇത്തിഹാദ്​എയർവേസ്​ വ്യക്തമാക്കി.

ദുബൈക്കും ദോഹക്കുമിടയിലെ എല്ലാ സർവീസുകളും റദ്ദാക്കിയതായി ഫ്ലൈ ദുബൈ അറിയിച്ചു. ദുബൈ-ദോഹ റൂട്ടിൽ ടിക്കറ്റെടുത്തവർ ട്രാവൽ ഏജൻറുമാരുമായി ബന്ധപ്പെടണം. പണം മടക്കിക്കിട്ടാൻ ദോഹയിലെ ​ഫ്ലൈ ദുബൈ ട്രാവൽ ഷോപ്പുമായി 00974 4 4227350/51 നമ്പറിലും ദുബൈയിലെ ഷോപ്പുമായി (00971) 600 544445 നമ്പറിലും ബന്ധപ്പെടാമെന്നും ഫ്ലൈ ദുബൈ അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ മുതൽ ദോഹയിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി എമിറേറ്റ്സ്​ അറിയിച്ചു. ദുബൈയിൽ നിന്ന് ദോഹയിലേക്കുള്ള അവസാനത്തെ വിമാനം ചൊവ്വാഴ്ച പുലർച്ചെ 2.30ന് ​ദുബൈയിൽ നിന്ന്​ പുറപ്പെട്ടു. ദോഹയിൽ നിന്ന്​ ദുബൈയിലേക്കുള്ള അവസാന വിമാനം ഇന്ന് പുലർച്ചെ 3.50നാണ്​പുറപ്പെട്ടത്. യാത്ര മുടങ്ങുന്നവർക്ക് ​മുഴുവൻ പണം തിരിച്ചു നൽകുകയോ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക്​ സൗജന്യ ബുക്കിങ്​അനുവദിക്കുകയോ ചെയ്യും. യാത്രക്കാർ 600 555555 നമ്പറിലോ വെബ്‍സൈറ്റ്​ വഴിയോ ബന്ധപ്പെടണമെന്നും എമിറേറ്റ്സ്​ അധികൃതർ പറഞ്ഞു.

ഷാർജക്കും ദോഹക്കുമിടയിലെ യാത്രക്ക്​ടിക്കറ്റെടുത്തവർക്ക്​ തുക മുഴുവനായി തിരിച്ചുനൽകുകയോ സമീപവിമാനത്താവളങ്ങളിലേക്ക് സൗജന്യ ബുക്കിങ്​അനുവദിക്കുകയോ ചെയ്യുമെന്ന്​ എയർ അറേബ്യയും വ്യക്തമാക്കി. റാസൽഖൈമയിൽനിന്ന്​ ദോഹയിലേക്കുള്ള വിമാനങ്ങളും ചൊവ്വാഴ്​ച മുതൽ റദ്ദാക്കിയതായി എയർ അറേബ്യ വ്യക്തമാക്കി.

Full View
Tags:    

Similar News