അബൂദബിയില്‍ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകള്‍ക്ക് വിലക്ക്
രാവിലെ 6.30 മുതല്‍ 9.30 വരെയാണ് വിലക്കുണ്ടാവുക.
തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകള്‍ക്ക് അബൂദബിയിലെ റോഡുകളില്‍ വിലക്കേര്‍പ്പെടുത്തുന്നു. രാവിലെ 6.30 മുതല്‍ 9.30 വരെയാണ് വിലക്കുണ്ടാവുക. ശനിയാഴ്ച എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാന്‍ സഈദ് ഈദ് ആല്‍ ഗഫ്‌ലിയുടെ അധ്യക്ഷതയില്‍ നടന്ന അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടി അബൂദബിയിലെ ഉള്‍ റോഡുകളില്‍ ട്രക്കുകള്‍ക്കും ജോലിക്കാരെ കൊണ്ടുപോകുന്ന 50 സീറ്റുള്ള ബസുകള്‍ക്കും ആഗസ്റ്റ് 24ന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. രാവിലെ 6.30 മുതല്‍ ഒമ്പത് വരെയായിരുന്നു ഈ നിയന്ത്രണം. കൂടുതല്‍ ബസുകളും കൂടുതല്‍ റോഡുകളും ഉള്‍പ്പത്തെി നിരോധം വിപുലപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
ബസുകള്‍ക്ക് മാത്രമായി പ്രത്യേക പാത അനുവദിക്കണമെന്നും 40 ബസ് സ്‌റ്റേഷനുകളും നവീകരിക്കണമെന്നുമുള്ള നിര്‍ദേശങ്ങളും കമ്മിറ്റി അംഗീകരിച്ചു. പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന് കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനങ്ങള്‍ മെച്ചപെടുത്തുന്നതിന് മൂന്ന് കോടി ദിഹത്തിന്റെ പദ്ധതിക്കും അനുമതി നല്‍കി.
ജനങ്ങളുടെ സമയവും പ്രയത്‌നവും ലാഭിക്കുന്നതിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി ഏകീകൃത സര്‍ക്കാര്‍ വേദി വഴിയാക്കുന്നതിനും കമ്മിറ്റി അനുകൂല നിലപാട് സ്വീകരിച്ചു. അല്‍ഐന്‍ നഗരത്തില്‍ 10.4 കോടി ദിര്‍ഹം ചെലവില്‍ ആഭ്യന്തര റോഡ് പദ്ധതിയും അംഗീകരിച്ചു. കോര്‍ണിഷ് ബീച്ച്, അല്‍ സഹിയഅല്‍ റീം ഐലന്‍ഡ്, അല്‍ സഹിയഅല്‍ റാഹ ബീച്ച് ജലഗതാഗത പാതകള്‍ക്കുള്ള നിര്‍ദേശവും കമ്മിറ്റി അംഗീകരിച്ചു. സുസ്ഥിര ജലഗതാഗതം വികസിപ്പിച്ച് പുതിയ ഗതാഗത മാര്‍ഗങ്ങള്‍ ലഭ്യമാക്കാനുള്ള എമിറേറ്റിന്റെ പദ്ധതിയുടെ ഭാഗമായാണ് ജലപാതകള്‍ക്കുള്ള നടപടി.