അബൂദബിയില്‍ വാടകക്ക് വീടെടുക്കുന്ന പ്രവാസികള്‍ ഇനി മുനിസിപ്പല്‍ ഫീസും നല്‍കണം

Update: 2018-05-31 14:44 GMT
Editor : admin
അബൂദബിയില്‍ വാടകക്ക് വീടെടുക്കുന്ന പ്രവാസികള്‍ ഇനി മുനിസിപ്പല്‍ ഫീസും നല്‍കണം
Advertising

വാര്‍ഷിക വാടകയുടെ മൂന്ന് ശതമാനമാണ് മുനിസിപ്പല്‍ ഫീസ് ആയി നല്‍കേണ്ടത്. ഔദ്യോഗിക ഗസറ്റിന്റെ ഫെബ്രുവരി ലക്കത്തിലാണ് പുതിയ ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്...

അബൂദബി എമിറേറ്റില്‍ വീടുകള്‍ വാടകക്ക് എടുക്കുന്ന പ്രവാസികള്‍ ഇനി മുതല്‍ മുനിസിപ്പല്‍ ഫീസും നല്‍കണം. വാര്‍ഷിക വാടകയുടെ മൂന്ന് ശതമാനമാണ് മുനിസിപ്പല്‍ ഫീസ് ആയി നല്‍കേണ്ടത്. ഔദ്യോഗിക ഗസറ്റിന്റെ ഫെബ്രുവരി ലക്കത്തിലാണ് പുതിയ ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അബൂദബി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന ചുമതല ഉപയോഗിച്ചാണ് തലസ്ഥാന എമിറേറ്റിലെ വാടക കരാറുകളുടെ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ മാറ്റിയത്. മുനിസിപ്പാലിറ്റി ഫീസ് തവ്തീഖിനും വാടക കരാറുകളുടെ രജിസ്‌ട്രേഷന്‍ ചെലവുകള്‍ക്കുമായാണ് ഉപയോഗിക്കുക. അതേസമയം, സ്വദേശികളെ പുതിയ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒരു വര്‍ഷത്തെ വാടകയുടെ മൂന്ന് ശതമാനം വരുന്ന മുനിസിപ്പല്‍ ഫീസ് നേരിട്ട് ഒറ്റയടിക്ക് ഈടാക്കില്ല. ജല വൈദ്യുതി ബില്ലുകളിലൂടെ ഓരോ മാസവും അബൂദബി ജല വൈദ്യുത അതോറിറ്റിയാണ് തുക ഈടാക്കുക. സമീപകാലത്താണ് ഈ ഫീസ് ഈടാക്കുന്നത് ആരംഭിച്ചതെന്നും വാടകയുടെ മൂന്ന് ശതമാനമാണ് സര്‍ക്കാറിന് ലഭിക്കുകയെന്നും മുനിസിപ്പല്‍കാര്യ ഗതാഗത വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നതിന് ഓരോ മാസവും ഈടാക്കുന്ന രീതിയിലാണ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുനിസിപ്പല്‍കാര്യ ഗതാഗത വിഭാഗം ലാന്റ് ആന്റ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ ബ്‌ളൂഷി പറഞ്ഞു. ദുബൈയിലെ മാതൃകയിലാണ് അബൂദബിയിലും പുതിയ ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുബൈയില്‍ അഞ്ച് ശതമാനം നികുതിയാണ് ഓരോ മാസവും ദുബൈ ജല വൈദ്യുതി അതോറിറ്റി ഈടാക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News