അമീര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനലില്‍ ദുഹൈല്‍ ക്ലബ് ജേതാക്കളായി
ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയ്യാന്‍ ക്ലബിനെ പരാജയപ്പെടുത്തിയാണ് ദുഹൈല്‍ അമീര്‍ കപ്പിന്റെ കിരീടം ചൂടിയത്
ഖത്തറിലെ അമീര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനലില്‍ ദുഹൈല്‍ ക്ലബ് ജേതാക്കളായി . ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയ്യാന്‍ ക്ലബിനെ പരാജയപ്പെടുത്തിയാണ് ദുഹൈല്‍ അമീര്‍ കപ്പിന്റെ കിരീടം ചൂടിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഫൈനല്‍ മത്സരം അരങ്ങേറിയത്.
2022 ലെ ഖത്തര്‍ ലോകകപ്പിലെ സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കേണ്ട ഖലീഫ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ 45000 ത്തിലധികം വരുന്ന കാണികള്‍ക്ക് മുമ്പാകെയാണ് അമീര്‍ കപ്പ് 2018 ന്റെ ഫൈനല്‍ അരങ്ങേറിയത്. സെമിഫൈനലില്‍ അൽ സദ്ദ് ക്ലബിനെ പരാജയപ്പെടുത്തിയ ദുഹൈൽ ക്ലബും ഗറാഫ ക്ലബിനെ കീഴടക്കിയ അൽ റയ്യാനും തമ്മില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ദുഹൈല്‍ ക്ലബ് ജേതാക്കളായി കരുത്തരായ റയ്യാന്ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ദുഹൈല്‍ പരാജയപ്പെടുത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ദുഹൈല്ടീമിന് സ്വര്‍ണ്ണകപ്പ് സമ്മാനിച്ചു. ഫിഫ ലോകകപ്പിന്റെ വേദി കൂടിയായ ഖലീഫ സ്റ്റേഡിയത്തിന്റെ സൗകര്യം വിളിച്ചോതുന്ന മത്സരം വീക്ഷിക്കാന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും നേരിട്ടെത്തിയിരുന്നു.
കടുത്ത ചൂട് അനുഭവപ്പെടാത്ത ശീതീകരിച്ച നിറഞ്ഞ ഗാലറിയിലിരുന്ന് മത്സരം വീക്ഷിച്ചവര്‍ക്ക് ലോകകപ്പ് വേദികളെ അനുസ്മരിപ്പിക്കുന്ന അനുഭവമായിരുന്നു. 8 ആഡംബര കാറുകളടക്കം കാണികള്‍ക്കായി 250 ഓളം വിലപിടിപ്പുള്ള സമ്മാനങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയത്.